ചെന്നൈ ∙ ജീവനക്കാർക്കെതിരെയുള്ള ലൈംഗിക പീഡന പരാതികളിൽ സർവകലാശാല നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചു പോണ്ടിച്ചേരി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. മലയാളികൾ അടക്കമുള്ള വിദ്യാർഥികൾക്കു പരുക്കേറ്റു. പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ച പൊലീസ്, ഇന്നലെ വൈകിട്ടാണു ചിലരെ വിട്ടയച്ചത്. പുരുഷ വിദ്യാർഥികളെയെല്ലാം മെഡിക്കൽ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി.
- Also Read മാവോയിസ്റ്റുകളില്ല, ഭീഷണിയുണ്ട് ! കേരളത്തിലെ മാവോയിസ്റ്റ് ഭീഷണിയിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്
പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാൻസലറുടെ ഓഫിസിനു പുറത്താണ് എസ്എഫ്ഐ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ അണിനിരന്നത്. കാരക്കൽ ക്യാംപസിന്റെ സെന്റർ ഹെഡ് ഡോ.സി.മാധവയ്യയും ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്‌പോർട്‌സ് വകുപ്പിലെ ഫാക്കൽറ്റി അംഗം എ.പ്രവീണും വിദ്യാർഥിനികളോടു മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇതിൽ ഒരു വിദ്യാർഥിനിയുടെ പീഡന പരാതിയുടെ ശബ്ദ സന്ദേശവും പുറത്തു വന്നു. മാധവയ്യ അനുചിതമായി സന്ദേശങ്ങൾ അയച്ചെന്നും നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടതായും വിദ്യാർഥിനി ആരോപിക്കുന്നു.
- Also Read എന്തുകൊണ്ട് ട്രംപിന് നൊബേൽ ലഭിച്ചില്ല? ആ ‘മുറി’യാണ് മറുപടി; സങ്കടം വേണ്ട, ഏറ്റവും അടുത്ത സുഹൃത്തിന് ‘സമാധാനം’! മരിയ ശത്രുവല്ല ‘മിത്രം’
ചിത്രങ്ങൾ നൽകിയില്ലെങ്കിൽ ഇന്റേണൽ മാർക്കു കുറയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണവും അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ചാണു വിദ്യാർഥികൾ സംഘടിച്ചത്. പൊലീസ് വിദ്യാർഥികളെ അതിക്രൂരമായി മർദിക്കുന്ന വിഡിയോയും പുറത്തു വന്നു. പ്രതിഷേധിച്ച 24 വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. ഇവരിൽ 6 പേരെ വിട്ടയച്ചെങ്കിലും മറ്റുള്ളവർ രാത്രി വൈകിയും കസ്റ്റഡിയിൽ തുടരുകയാണ്. അതേ സമയം, വിദ്യാർഥികളുടെ ആരോപണങ്ങൾ സർവകലാശാല തള്ളി. രാഷ്ട്രീയ പ്രേരിതമായ പ്രതിഷേധമാണു നടന്നതെന്നും പൊലീസിനെ ആക്രമിച്ചതിനാലാണു വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതെന്നും അധികൃതർ പറഞ്ഞു. English Summary:
Pondicherry University protest erupted due to alleged sexual harassment complaints and delayed investigations, leading to student arrests and injuries. The university denies the allegations, claiming the protest was politically motivated. |
|