മോസ്കോ∙ ഇന്ത്യയ്ക്കു മേൽ യുഎസ് നടത്തുന്ന സമ്മർദനീക്കങ്ങളെ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഇന്ത്യ ആരുടെ മുന്നിലും അപമാനം സഹിക്കില്ലെന്നും സമ്മർദനീക്കങ്ങളെ വകവെച്ചുകൊടുക്കില്ലെന്നും പുട്ടിൻ പറഞ്ഞു. മോസ്കോയും ന്യൂഡൽഹിയും തമ്മിലുള്ളത് പ്രത്യേക ബന്ധമാണെന്നു പറഞ്ഞ പുട്ടിൻ മോദിയെ ബുദ്ധിമാനായ നേതാവ് എന്നാണ് വിശേഷിപ്പിച്ചത്.
‘‘റഷ്യയിൽ നിന്ന് ഇന്ത്യ അസംസ്കൃത എണ്ണ വാങ്ങുന്നത് സാമ്പത്തിക കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നു പുട്ടിൻ ചൂണ്ടിക്കാട്ടി. അതിൽ രാഷ്ട്രീയ മാനങ്ങളില്ല. റഷ്യയിൽ നിന്നുള്ള ഊർജ്ജവിതരണം ഇന്ത്യ വേണ്ടെന്നുവെക്കുകയാണെങ്കിൽ അവർക്ക് നഷ്ടം നേരിടേണ്ടിവരും. 9 മുതൽ 10 ബില്യൺ ഡോളർ വരെ നഷ്ടം നേരിടേണ്ടിവരുമെന്ന് പറയുന്നു. എന്നാൽ, ഇന്ത്യ വേണ്ടെന്നുവെച്ചില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തിയേക്കാം. അപ്പോഴും ഇതേ നഷ്ടമാണുണ്ടാവുക. അപ്പോൾ പിന്നെ എന്തിന് വേണ്ടെന്നുവെക്കണം?’’ –പുട്ടിൻ ചോദിച്ചു.
ഇന്ത്യ പോലുള്ള രാജ്യത്തെ ജനങ്ങൾ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും. ഒരിക്കലും അപമാനിതരാകാൻ അനുവദിക്കില്ല. പ്രധാനമന്ത്രി മോദിയെ എനിക്ക് നന്നായി അറിയാം. അദ്ദേഹം ഒരിക്കലും അത്തരത്തിലുള്ള നടപടിയിലേക്കു കടക്കില്ല. യുഎസിന്റെ ഇരട്ടത്തീരുവ കൊണ്ടുള്ള നഷ്ടം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലൂടെ നികത്താനാകും. ഒരു പരമാധികാര രാഷ്ട്രമെന്ന അന്തസ്സ് നിലനിർത്താനുമാകും എന്ന് പുട്ടിൻ പറഞ്ഞു. English Summary:
Russia-India Relation: Vladimir Putin praises Narendra Modi and criticizes US pressure on India. Putin highlights the economic benefits of Russian oil for India, emphasizing India\“s refusal to succumb to external pressures. He lauds Modi as a wise leader who protects India\“s sovereignty and economic interests. |