കൊച്ചിയുടെ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കൗതുകമുണർത്തുന്ന ചിത്രങ്ങളുടെ പിന്നിലാരാണ്?
https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2026/3/11/kochi-street-art.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
പരതി നോക്കിയാൽ പായൽ കയറിയ മതിലുകളിൽ ചില ചിത്രങ്ങൾ കാണാം. ചാരി നിൽക്കുന്നതിനപ്പുറം ചാരെ നിന്ന്, അരോ കോറിയിട്ട വരകൾ. വൈദ്യുതത്തൂണുകളുടെ വാരിയെല്ലിനെയും തുരുമ്പെടുത്ത ഗേറ്റിനെയും അവർ കാൻവാസാക്കി മാറ്റുന്നു. ആർക്കും വേണ്ടാത്തയിടങ്ങളിൽ കലയുടെ കലാപം കൊളുത്തുന്നു. ആരാണ് ഇതു വരച്ചത്. സൂക്ഷിച്ചു നോക്കിയാൽ ചിത്രങ്ങൾക്കടിയിൽ ഉത്തരമുണ്ട്. ‘Guess Who\“ –ആരെന്ന് ഊഹിക്കുക’.
ബിനാലെ എത്തിയ കാലം മുതൽ കൊച്ചിയിലെ പൊതു ഇടങ്ങളിൽ തെളിഞ്ഞു വന്ന കുറെ ചിത്രങ്ങളുടെ കഥ തേടിയുള്ള യാത്രയാണിത്. വർഷങ്ങളായി കൊച്ചിയുടെ ചുമരുകളിൽ പതിഞ്ഞ സ്ട്രീറ്റ് ആർട്ടിനു പിന്നിൽ മറഞ്ഞിരിക്കുന്ന ചിത്രകാരൻ, ചിത്രകാരി അല്ലെങ്കിൽ ആ സംഘം ആര്? അവരെക്കുറിച്ച് അന്വേഷിക്കാൻ സ്ട്രീറ്റ് യാത്ര തന്നെ നടത്തി. ഫോർട്ട്കൊച്ചി മുതൽ മട്ടാഞ്ചേരി വരെ പലയിടത്തും ഈ കലാ സൃഷ്ടികൾ കാണാം. നർമവും കൗതുകവും പ്രതിഷേധത്തിന്റെ ചില കനലുകളും അവയിലുണ്ട്. ചിന്തിപ്പിക്കുന്ന ചിത്രങ്ങൾക്കും മറഞ്ഞിരിക്കുന്ന മനുഷ്യനും പിന്നിൽ ഒരു പ്രതിഷേധമില്ലേ? ആരാണ് ഗസ് ഹൂ? നേരിട്ടു മുന്നിൽ വന്നില്ലെങ്കിലും ഒടുവിൽ ‘ഗസ് ഹൂ’ സംസാരിക്കാമെന്നേറ്റു; അപ്പോഴും ഒരു ഉപാധി. ചിത്രത്തെക്കുറിച്ചു മാത്രം, ചിത്രകാരനെക്കുറിച്ചു മിണ്ടരുത്. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
എന്തു കൊണ്ട് മറഞ്ഞിരിക്കുന്നു?
പേരിലേക്കു മാത്രം കലാകാരൻ ചുരുങ്ങാതിരിക്കാൻ അതു സഹായിക്കുമെന്നു തോന്നി. കാണുന്നവർ എന്തു വേണമെങ്കിലും തീരുമാനിച്ചു കൊള്ളുക എന്ന ഉദ്ദേശ്യത്തിലാണ് ‘ഗസ് ഹൂ’ എന്ന പേരിട്ടിരിക്കുന്നത്. പൊതു ചർച്ചകളിലേക്കു കലാകാരൻ എത്തുകയാണു വേണ്ടത്, അവിടെ പേരിനോ ചിത്രത്തിനോ പ്രസക്തിയില്ല.
അപ്പോഴും അവിടെ ഒരു ബ്രാൻഡിങ് ഇല്ലേ. കാരണം ‘ഗസ് ഹൂ’ എന്ന എഴുത്തിന് ഒരു ഫോർമാറ്റ് ഉണ്ട്.
ആലോചിച്ചുറപ്പിച്ച പേരായിരുന്നില്ല ‘ഗസ് ഹൂ’ എന്നത്. ഒരു പേര് എന്ന രീതിയിൽ ഗൗരവമായി കാണേണ്ടതില്ല. ആദ്യം വരച്ചു തുടങ്ങിയ ശൈലി പിന്തുർന്നുവെന്നു മാത്രം
എന്തു കൊണ്ട് മതിലുകളും പോസ്റ്റുകളും?
കല എന്തോ വിശിഷ്ട സംഭവമാണെന്നും ഭയഭക്തിബഹുമാനത്തോടെ കാണേണ്ടതാണെന്നുമാണു നമ്മുടെ ധാരണ. ഇത് ആസ്വാദകനും കലാകാരനുമിടയിൽ അദൃശ്യമായ ഒരു മതിൽ കെട്ടുന്നു. പ്രദർശനങ്ങളിൽ കാണാറുള്ളതുപോലെ ‘ഫൊട്ടോഗ്രഫി പാടില്ല, ചിത്രങ്ങളിൽ തൊടരുത്’ തുടങ്ങിയ മുന്നറിയിപ്പുകൾ നൽകി ആസ്വാദകരെ അകറ്റി നിർത്തുന്ന രീതി തെരുവുകലയ്ക്കില്ല. പൊതു ഇടങ്ങളിൽ സൃഷ്ടിക്കപ്പെടുന്നു എന്നതു കൊണ്ടു തന്നെ അതിന് ഒരു കൂട്ടുടമസ്ഥതയാണ്. ADVERTISEMENT Go AD-FREE
ഗസ് ഹൂവിന്റെ തെരുവു ചിത്രങ്ങളുടെ പ്രത്യേകത?
സങ്കീർണമായ വിഷയങ്ങളോ ആശയങ്ങളുടെ ദുഷ്കരമായ ആവിഷ്കാരങ്ങളോ അല്ല ചിത്രീകരിക്കപ്പെടുക. വളരെ പരിചിതമായ ദൃശ്യങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ എന്നിവയിലൂടെ സരസമായി, ഏറ്റവും ലളിതമായി, അടിക്കുറിപ്പിന്റെ സഹായമില്ലാതെ എങ്ങനെ ആശയങ്ങളെ ആവിഷ്കരിക്കാം എന്നതാണു ലക്ഷ്യം. എന്നുവച്ച് തെരുവുകലകൾ ഗൗരവവും സങ്കീർണവുമായ വിഷയങ്ങളെ കൈകാര്യം ചെയ്യാൻ മടിക്കുന്നു എന്നല്ല. ഒരു വിഷയത്തെ കാര്യക്ഷമമായി നാട്യങ്ങളില്ലാതെ അവതരിപ്പിക്കാൻ കഴിയുന്നു എന്നതിലാണു കാര്യം. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
എന്താണ് കൊച്ചി തിരഞ്ഞെടുക്കാൻ കാരണം?
ചിത്രകലയിൽ താൽപര്യമുള്ള പലരും സന്ദർശിക്കുന്ന ഒരു മേളയെന്ന നിലയ്ക്കു കൊച്ചിയിൽ ബിനാലെ സീസൺ തിരഞ്ഞെടുത്തതു സ്വാഭാവികം മാത്രം. എന്നാൽ ബിനാലെയിൽ മാത്രമല്ല ചിത്രകല താൽപര്യമുള്ള മറ്റു ഇടങ്ങളിലൊക്കെ ‘ഗസ് ഹൂ’ ഉണ്ട്.
ഏതു രീതിയിലുള്ള ആർട്ടാണു നിങ്ങളുടേത്? പല ശൈലിയുള്ളതു കൊണ്ടു ‘ഗസ് ഹൂ’ ഒരു സംഘമാണെന്നു കരുതാമല്ലോ?
എന്തും കരുതാം. പ്രത്യേക ശൈലിയൊന്നുമില്ല. സ്‌ട്രീറ്റ് ആർട്ടിൽ ഉപയോഗിക്കപ്പെടുന്ന പലതരം ടെക്നിക്കുകളിൽ ഒന്നാണ് ഒരു ശൈലിയിൽ ഉറച്ചു നിൽക്കാതിരിക്കുകയെന്നത്. പല ഗ്രാഫിറ്റി ആർട്ടിസ്റ്റുകളും ഉപയോഗിച്ചു വരുന്ന ഒരു രീതിയാണിത്. ആർട്ടിസ്റ്റിന്റെ സൗകര്യം, ചെലവ് എന്നതിനെ ആശ്രയിച്ച് അപ്പപ്പോൾ ഓരോ ശൈലി ഉപയോഗിക്കും. ആർട്ടിസ്റ്റിന്റെ ആശയത്തെയോ ഉള്ളടക്കത്തെയോ ബാധിക്കാത്ത ഏതു ശൈലിയും സ്വീകരിക്കാം. സ്‌ട്രീറ്റ് ആർട്/ഗ്രാഫിറ്റി എന്നതു സ്റ്റെൻസിലോ പെയിന്റോ മാത്രമുപയോഗിച്ചു ചെയ്യുന്ന ഒരു കലാരീതിയാണ് എന്ന സങ്കൽപത്തെ മാറ്റുകയാണ് ‘ഗസ് ഹൂ’ ഇവിടെ.
എന്താണു പലയിടത്തും ‘പരസ്യം പതിക്കരുത്’ എന്ന ചിത്രം? ADVERTISEMENT Go AD-FREE
പൊതു സ്ഥലങ്ങളെ കയ്യേറിയുള്ള പരസ്യങ്ങളുടെ അതിപ്രസരമാണ്. പൊതുഇടങ്ങളെ മലീമസപ്പെടുത്തുന്നതു പരസ്യങ്ങളും ഫ്ലെക്സുകളും തിരഞ്ഞെടുപ്പു എഴുത്തുകളും നോട്ടിസുകളുമാണ്. പൊതു ഇടങ്ങളുടെ അവകാശികൾ ആണോ ഈ പരസ്യം പതിപ്പിക്കലുകാർ. ഇതിനിടയിലേക്ക് ഒരു കലാസൃഷ്ടി കടന്നു ചെല്ലുമ്പോൾ അതിനെ അല്ലെങ്കിൽ ആ ചിത്രകാരനെ ആക്രമിക്കാൻ ആർക്കാണ് അവകാശം. പൊതു ഇടങ്ങളിൽ വരയ്ക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതു പോലെ വരച്ചതിനെ മായ്ച്ചു കളയാനോ കൂട്ടിച്ചേർക്കാനോ വികൃതമാക്കാനോ ഉള്ള അവകാശം ആസ്വാദകനുമുണ്ട് എന്നതാണു തെരുവുകലയെ ജനകീയമാക്കുന്നതും ഗാലറി ആർട്ടിൽ നിന്ന് അതിനെ വേറിട്ടു നിർത്തുന്നതും.
പ്രതിഷേധങ്ങളോടുള്ള സമീപനം ?
അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്നു തോന്നുന്നതു കൊണ്ടാണല്ലോ പ്രതിഷേധങ്ങൾ ഉയർന്നു വരുന്നത്. ഓരോ പ്രതിഷേധങ്ങളും വ്യത്യസ്ത രീതിയിലായിരിക്കാം. കവിക്കും കർഷകനും വ്യത്യസ്ത പ്രതിഷേധ രീതികളാവാം. നിർഭയം പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളിടത്താണല്ലോ ജനാധിപത്യം പൂർണമാകുന്നത്. ഗ്രാഫിറ്റിയുടെ അടിസ്ഥാന സ്വഭാവം തന്നെ നിയന്ത്രണങ്ങൾ ഭേദിച്ച്, സ്വതന്ത്രമായി ആശയാവിഷ്കാരം നടത്തുക എന്നതാണ്
‘ഗസ് ഹൂ’ എവിടെയൊക്കെ?
അങ്ങനെ വ്യക്തമായ പദ്ധതികൾ ഒന്നും ഇല്ല. സമയവും സന്ദർഭവും യോജിക്കുന്ന വിധം പ്രവർത്തിക്കാൻ ശ്രമിക്കും എന്നേ പറയാനാവൂ.
പ്രതിരോധ ചുമരെഴുത്തിനെ ‘ഗസ് ഹൂ’ എങ്ങനെയാണു ന്യായീകരിക്കുന്നത്?
സെൻസർഷിപ്പുകളും നിരോധനങ്ങളും മൂലം, സെൻസിറ്റീവ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുക ഏറെക്കുറേ അസാധ്യമാണിന്ന്. ആ സാഹചര്യത്തിൽ പ്രതിരോധ ചുമരെഴുത്തുകൾ നന്നായി ഉപയോഗിക്കാം. സ്വതന്ത്രമായ ആശയ പ്രചാരണത്തിന് ഗ്രാഫിറ്റി നല്ലൊരു മാധ്യമമാണ്. ADVERTISEMENT GO AD-FREE
ചിത്രത്തെ വിശദീകരിക്കാൻ ശ്രമിക്കാറുണ്ടോ?
കലാകാരൻ കലയെ വിശദീകരിക്കുന്നത്ര അറു ബോറൻ പരിപാടി വേറെയില്ല. ഇൻസ്റ്റഗ്രാമിലെ കമന്റോ ലൈക്കോ മാത്രമല്ല, തെരുവിലെ ചിത്രം നേരിട്ടുകാണുന്ന ആസ്വാദകനെ അത് ആകർഷിക്കുന്നുണ്ടോ ഇല്ലയോ എന്നതു പോലും തെരുവു കലാകാരന്മാരെ ബാധിക്കുന്ന പ്രശ്നമാണെന്നു വിശ്വസിക്കുന്നില്ല.
ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ തീരുന്നു. മറവിലെ കാൻവാസിൽ നിന്ന് അയാൾ പുറത്തേക്കിറങ്ങുമോ? നമുക്ക് ഗസ് ചെയ്യാനാവില്ലല്ലോ? English Summary:
Guess Who Kochi is an exploration into the mysterious street artist behind the captivating murals adorning Kochi\“s public spaces. The artist, who uses the moniker \“Guess Who,\“ aims to provoke thought and dialogue through their art, engaging with complex themes in a simple, accessible manner.
Pages:
[1]