സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാതെ കൊട്ടിയം മേൽപാലം മേൽപാലം തുറന്നപ്പോൾ ഉമയനല്ലൂർ കുരുക്കിൽ
https://img-mm.manoramaonline.com/content/dam/mm/mo/district-news/kollam/images/2026/3/11/kottiyam-flyover-traffic-issues.jpg?w=1120&h=583കൊട്ടിയം∙ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാതെ കൊട്ടിയം മേൽപാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ ഉമയനല്ലൂർ ജംക്‌ഷനിൽ ഗതാഗതക്കുരുക്ക്. പട്ടരുമുക്കിൽ റോഡിന്റെ മധ്യഭാഗം പൂർണമായി അടച്ചതോടെ ഉമയനല്ലൂർ അടിപ്പാതയിലെ വാഹനത്തിരക്ക് വർധിച്ചു. പറക്കുളം മുതലുള്ള വാഹനങ്ങൾക്കും വാഴപ്പള്ളി, മൈലാപ്പൂര്, കോവൂർച്ചിറ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്കും റോഡ് മുറിച്ചു കടക്കാൻ ഏക ആശ്രയം വീതി കുറഞ്ഞ ഉമയനല്ലൂർ അടിപ്പാത മാത്രമാണ്. കൊട്ടിയം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് മൈലാപ്പൂര് ഭാഗത്തേക്ക് പോകണമെങ്കിൽ അടിപ്പാതയിലേക്ക് കയറി ഇടതു വശത്തേക്ക് തിരിയണം. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഉമയനല്ലൂർ കഴിഞ്ഞാൽ പിന്നെ കൊട്ടിയം ടൗണിൽ മാത്രമാണ് റോഡ് മുറിച്ചു കടക്കാൻ സൗകര്യമുള്ളത്.ജനസാന്ദ്രതയേറിയ ഈ മേഖലയിൽ ആവശ്യത്തിന് വീതിയുള്ള അടിപ്പാത ഇല്ലാത്തത് ഭാവിയിൽ വലിയ ദുരന്തങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഇതിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്.
പറക്കുളത്തെ മൺമതിലിൽ പലതവണ വിള്ളലുകളും സ്ലാബുകൾ പുറത്തേക്ക് തള്ളുന്ന അവസ്ഥയും ഉണ്ടായ സാഹചര്യത്തിൽ അടിയന്തരമായി അവിടെ തൂണുകളിലുള്ള പാലം അനുവദിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സമരസമിതി. കൊട്ടിയം ജംക്‌ഷന്റെ ഇരുവശത്തേക്കും ഓരോ കിലോമീറ്റർ വീതം മൺമതിൽ പൊളിച്ച് വയഡക്ട് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയം ടൗണിലും പറക്കുളത്തും സമരം നടക്കുകയാണ്. പറക്കുളം സമര സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം 76-ാം ദിവസത്തിലേക്ക് കടന്നു. അശാസ്ത്രീയമായ നിർമാണത്തിനെതിരെയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതി ഇതിനകം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഉന്നതതല അന്വേഷണമോ സുരക്ഷാ ഓഡിറ്റോ നടത്താതെ ജനങ്ങളുടെ ജീവൻ പണയം വച്ച് മേൽപാലം തുറന്നു കൊടുത്ത അധികൃതരുടെ നടപടിക്കെതിരെ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
മേൽപാത നിർമാണത്തിലെ പ്രശ്നങ്ങൾ പരിശോധിക്കണം: ഹൈക്കോടതി
ചാത്തന്നൂർ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാത്തന്നൂരിൽ നിർമിച്ച മേൽപാത പൊളിച്ച് തൂണുകളിൽ പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തന്നൂർ സിറ്റിസൻ ഫോറം ഫയൽ ചെയ്ത ഹർജിയിൽ ഉന്നയിച്ച പ്രശ്നങ്ങൾ സത്വരമായി പരിശോധിക്കണമെന്നു ഹൈക്കോടതി. രണ്ടു മാസത്തിനുള്ളിൽ പരിഹാരം ഉണ്ടാകണമെന്നും നിർദേശിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിറ്റിസൻസ് ഫോറം പ്രസിഡന്റ് ജി.ദിവാകരൻ കെപിസിസി മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ.ജയചന്ദ്രൻ എന്നിവർ ഫയൽ ചെയ്ത ഹർജിയിൽ അഭിഭാഷകരായ ജിബു പി.തോമസ്, സ്നേഹ ബാബു, കെ.നൂപുര എന്നിവരും കേന്ദ്രസർക്കാരിനും ദേശീയപാത അതോറിറ്റിക്കും വേണ്ടി അഡ്വ. എൻ.ജെ. അശ്വിനും കോടതിയിൽ ഹാജരായി English Summary:
Kottiyam flyover issues are causing significant traffic congestion and safety concerns for residents. The incomplete construction and opening of the flyover without addressing security problems have led to severe traffic jams, particularly at Umayanallur Junction, impacting daily commutes and raising fears of future disasters.
Pages:
[1]