LHC0088 Publish time 1 hour(s) ago

ഹൃദയം തകർന്ന് മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതർ; കലക്ടറേറ്റിനു മുന്നിൽ കണ്ണീരിൽ കുതിർന്ന പ്രതിഷേധം

https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2026/3/10/wayanad-landslide-rehabilitation.jpg?w=1120&h=583



കൽപറ്റ ∙ \“ഗതികെട്ടിട്ടാണ് സമരവുമായി ഇറങ്ങേണ്ടി വന്നത്. ഇനി ഇതല്ലാതെ മറ്റു വഴിയില്ല. അപേക്ഷകളുമായി കലക്ടറേറ്റിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇനി വയ്യ. ഇന്നൊരു തീരുമാനമാകാതെ ഇവിടെ നിന്നു പോകില്ല\“-മുണ്ടക്കൈ കൊല്ലംകോട്ടിൽ സഹദേവന്റെ വാക്കുകളിൽ നിറയെ രോഷവും സങ്കടവുമാണ്. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ബാങ്ക് വായപ്കൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് ഇന്നലെ ദുരന്തബാധിതർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരത്തിൽ നിറയെ വൈകാരിക രംഗങ്ങളായിരുന്നു.


പുനരധിവാസത്തിനുള്ള അർഹതയുണ്ടായിട്ടും സഹദേവവൻ അടക്കം 70ൽ അധികം ആളുകളാണ് ടൗൺഷിപ്പിനുള്ള ഗുണഭോക്തൃ പട്ടികയിൽ നിന്നു പുറത്തായത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ സഹദേവന് അമ്മ, സഹോദരൻ, സഹോദരന്റെ ഭാര്യ, 2 മക്കൾ എന്നിവരെ നഷ്ടപ്പെട്ടിരുന്നു. തറവാട് വീട് പൂർണമായും തകർന്നു. പുഞ്ചിരിമട്ടത്ത് വീട് വയ്ക്കാനായി വാങ്ങിയ 6.5 സെന്റ് സ്ഥലവും തറയും പൂർണമായും ഒലിച്ചുപോയി.

എന്നാൽ, സർക്കാർ ഇതുവരെ പ്രസിദ്ധീകരിച്ച ഗുണഭോക്തൃ പട്ടികകളിലൊന്നും താൻ ഉൾപ്പെട്ടിട്ടില്ലെന്നും ഇതേ മാനദണ്ഡങ്ങളിൽ പെട്ട ഒട്ടേറെപ്പേർ ഗുണഭോക്തൃ പട്ടികകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സഹദേവൻ പറയുന്നു. ഇതേ അവസ്ഥയാണു ദുരന്തമുഖത്തുനിന്നു കഷ്ടിച്ച് രക്ഷപ്പെട്ട റാട്ടപ്പാടിയിലെ ഏറാടൻ സഫാദിനും. \“പാടിക്കു തൊട്ടുമുന്നിൽ നിന്നു ഉരുൾ ഗതിമാറി ഒഴുകിപ്പോയതു കൊണ്ടാണു രക്ഷപ്പെട്ടത്. 5 പാടികളിലായി 20 കുടുംബങ്ങളാണുണ്ടായിരുന്നത്. അവരാരും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അപേക്ഷകൾ നൽകി മടുത്തു, നീതിക്കായി ഇനി ആരെ സമീപിക്കണമെന്ന് അറിയില്ല\“–സഫാദ് നിരാശയോടെ പറയുന്നു.

പുനരധിവാസത്തിനായി പ്രസിദ്ധീകരിച്ച രണ്ടാംഘട്ട (ബി) പട്ടികയുടെ മാനദണ്ഡം സംബന്ധിച്ചുള്ള ഉത്തരവിൽ ‘നോ ഗോ സോണി’ൽ നിന്ന് 50 മീറ്റർ പരിധിയിൽ ഒറ്റപ്പെട്ട വീടുകൾ എന്നു രേഖപ്പെടുത്തിയതോടെയാണു പാടികളിലെ കുടുംബങ്ങൾ പട്ടികയ്ക്കു പുറത്തായത്. പാടികളെന്നു ഉത്തരവിൽ സൂചിപ്പിച്ചിട്ടില്ലാത്തതിനാൽ അധികൃതർ കയ്യൊഴിഞ്ഞു. ഉത്തരവ് തിരുത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടികളുണ്ടായിട്ടില്ല. ഉരുൾപൊട്ടൽ ദുരന്തം ഏറെനാശം വിതച്ച പടവെട്ടിക്കുന്ന് മേഖലയിലുള്ളവരും പട്ടികയ്ക്കു പുറത്താണ്. ചൂരൽമല സ്‌കൂൾ മുതൽ പടവെട്ടിക്കുന്ന് വരെയുള്ള 4 കിലോമീറ്റർ റോഡിൽ ഭൂരിഭാഗവും ഉരുൾപൊട്ടലിൽ പുഴ വഴിമാറിയൊഴുകി തകർന്ന നിലയിലാണ്.ADVERTISEMENT Go AD-FREE

നോ ഗോ സോണിൽ നിന്നു 50 മീറ്റർ പരിധിയിലെ വീടുകളെ പരിഗണിച്ച 2-ാം ഘട്ട (ബി) പട്ടികയിൽ പ്രദേശത്തെ 30 വീടുകളിൽ 3 വീടുകൾ മാത്രമാണു ഉൾപ്പെട്ടത്. ദുരന്തമേഖലയിലേക്ക് വീണ്ടും തിരിച്ചുപോകേണ്ടി വരുമോയെന്ന ആശങ്കയെ തുടർന്നാണ് പടവെട്ടിക്കുന്നുകാരും സമരത്തിനിറങ്ങിയത്. \“ദുരന്തം സൃഷ്ടിച്ച ആഘാതത്തിനു പുറമേയാണു ബാങ്ക് വായ്പ സംബന്ധിച്ച സമ്മർദവും. 6 ലക്ഷം രൂപയാണു ബാങ്കിൽ കടബാധ്യതയുള്ളത്. എങ്ങനെ തിരിച്ചടയ്ക്കുമെന്ന് അറിയില്ല, ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനത്തിൽ ആശ്വാസത്തിലായിരുന്നു.

എന്നാൽ, മാനദണ്ഡം ചൂണ്ടിക്കാട്ടി ഒഴിവാക്കി നിർത്തിയിരിക്കുകയാണ്\“–ചൂരൽമല സ്വദേശിനിയായ എസ്.സബിത പറഞ്ഞു. സബിത അടക്കം 130ലധികം പേരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. നിലവിൽ കേന്ദ്ര സർക്കാരിനു മുന്നിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച വായ്പക്കാരുടെ കണക്കിൽ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ മുഴുവൻ കുടുംബങ്ങളുമുണ്ടെന്നും ഈ കണക്ക് അനുസരിച്ച് 33 കോടി രൂപയോളമാണ് ബാങ്ക് വായ്പകൾ ഉള്ളതെന്നും പ്രതിഷേധക്കാർ പറയുന്നു. എന്നാൽ, സംസ്ഥാന സർക്കാർ 18 കോടി രൂപയാണ് എഴുതിതള്ളിയത്. ബാക്കി കുടുംബങ്ങളുടെ കാര്യത്തിൽ ഇതുവരെയായിട്ടും തീരുമാനമായിട്ടില്ലെന്നും ഇവർ പറയുന്നു.ADVERTISEMENT Go AD-FREE

മണിക്കൂറുകൾ നീണ്ട സമരം
ഇന്നലെ രാവിലെ പത്തരയോടെയാണു ദുരന്തബാധിതർ പ്രകടനവുമായി കലക്ടറേറ്റിനു മുന്നിലേക്കെത്തിയത്. പ്രധാന കവാടത്തിനു മുന്നിൽ ബാരിക്കേഡ് തീർത്ത് പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ, സമരക്കാർ കുത്തിയിരുന്നത് പ്രതിഷേധിച്ചു. കലക്ടർ തങ്ങളെ നേരിൽക്കണ്ട് സംസാരിക്കാതെ പിരിഞ്ഞുപോകില്ലെന്നായിരുന്നു ഇവരുടെ നിലപാട്. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കലക്ടർ ഡി.ആർ.മേഘശ്രീ സമരക്കാരുടെ പ്രതിനിധികളുമായി ചേംബറിൽ ചർച്ച നടത്തി. ചർച്ചയിൽ, പട്ടികയിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ കാര്യം അടുത്ത ജില്ലാ ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും ബാങ്ക് വായ്പകൾ സംബന്ധിച്ച കാര്യങ്ങൾ ഇന്നു ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യാമെന്നും യോഗത്തിൽ ദുരന്തബാധിതരുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്താമെന്നും ഉറപ്പ് ലഭിച്ചതായും സമരക്കാർ അറിയിച്ചു. തുടർന്നു ഉച്ച കഴിഞ്ഞ് രണ്ടരയോടെ സമരം അവസാനിപ്പിച്ച് ദുരന്തബാധിതർ പിരിഞ്ഞുപോയി. English Summary:
Wayanad landslide victims are protesting their exclusion from the rehabilitation list and seeking bank loan waivers. Despite suffering immense losses and meeting criteria, many are denied essential aid.
Pages: [1]
View full version: ഹൃദയം തകർന്ന് മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതർ; കലക്ടറേറ്റിനു മുന്നിൽ കണ്ണീരിൽ കുതിർന്ന പ്രതിഷേധം