cy520520 Publish time 1 hour(s) ago

കരിപ്പൂരിലെ ഐഎൽഎസ് അടുത്ത ആഴ്ചയോടെ റോഡ് മാർഗം കൊൽക്കത്തയിലേക്ക്; റെസ നവീകരണം പൂർത്തിയാകാത്തതിനാലെന്ന് വിശദീകരണം

https://img-mm.manoramaonline.com/content/dam/mm/mo/district-news/malappuram/images/2026/3/7/ils-system.jpg?w=1120&h=583



കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവളത്തിൽ സ്ഥാപിക്കാനായി എത്തിച്ച പുതിയ ഐഎൽഎസ് (ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം) കൊൽക്കത്ത വിമാനത്താവളത്തിലേക്കു മാറ്റാൻ തീരുമാനമായി. കരിപ്പൂരിൽനിന്ന് റോഡ് മാർഗം വലിയ ട്രക്കുകളിൽ കൊൽക്കത്തയിലേക്കു കൊണ്ടുപോകാൻ ടെൻഡർ നൽകി. അടുത്ത ആഴ്ചയോടെ കൊണ്ടുപോകും.


റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടുന്ന ജോലി വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് കരിപ്പൂരിൽനിന്ന് ഐഎൽഎസ് കൊണ്ടുപോകുന്നത്. ഡിസംബർ ആദ്യവാരത്തിലാണ്, വിദേശനിർമിത ഐഎൽഎസ് കരിപ്പൂരിൽ എത്തിച്ചത്. റൺവേയുടെ രണ്ടറ്റങ്ങളിലും മണ്ണിട്ടുയർത്തി സുരക്ഷാ പ്രതലം നീളം കൂട്ടുന്ന ജോലിയാണു നടക്കുന്നത്. സുരക്ഷാ പ്രതലത്തിന്റെ അറ്റത്താണ് ഐഎൽഎസ് സ്ഥാപിക്കേണ്ടത്. ഈ പ്രവൃത്തി പൂർത്തിയായിട്ടില്ല.


മാർച്ച് അവസാനത്തിൽ റെസയുടെ 80% പ്രവൃത്തി പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. അതനുസരിച്ച് ഐഎൽഎസ് സ്ഥാപിക്കുന്ന ജോലി തുടങ്ങാനാകുമെന്ന വിലയിരുത്തലിലായിരുന്നു എയർപോർട്ട് അധികൃതർ. റൺവേ നിരപ്പിനു താഴെ കോൺക്രീറ്റ് മുറി സ്ഥാപിക്കേണ്ടതുണ്ട്. ഐഎൽഎസിന്റെ പ്രധാന ഭാഗം ഈ മുറിക്കുള്ളിലാണു വയ്ക്കുക. ആന്റിനയും മറ്റുമാണു റൺവേ നിരപ്പിൽനിന്ന് മുകളിൽ സ്ഥാപിക്കുക.


പ്രതികൂല കാലാവസ്ഥയിൽ, ലാൻഡിങ്ങിനു വൈമാനികരെ സഹായിക്കുന്ന പ്രധാന സംവിധാനമാണ് ഐഎൽഎസ്. വിമാനം എത്ര ഡിഗ്രിയിൽ ഇറങ്ങണം, റൺവേയുടെ ഡിജിറ്റൽ മധ്യം തുടങ്ങിയ കാര്യങ്ങളുടെ കൃത്യതയ്ക്കു സഹായിക്കുന്നതാണ് ഇത്. കരിപ്പൂരിൽ റൺവേയുടെ രണ്ടറ്റങ്ങളിലും ലാൻഡിങ് നടക്കാറുള്ളതിനാൽ ഇരുവശങ്ങളിലും ഐഎൽഎസ് ഉണ്ട്. 2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തിൽ നെടിയിരുപ്പ് ഭാഗത്തുള്ള ഐഎൽഎസിന് കേടുപാടുകൾ പറ്റി. അതു നന്നാക്കിയെങ്കിലും ഈ ഐഎൽഎസിന്റെ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചു. സാങ്കേതിക പരിശോധനകളും അറ്റകുറ്റപ്പണിയും നടത്തിയാണ് മുന്നോട്ടുപോകുന്നത്. ഇതു മാറ്റിസ്ഥാപിക്കാനാണ് പുതിയത് എത്തിച്ചത്. അതു കൊൽക്കത്തയിലേക്കു കൊണ്ടുപോകുന്നതോടെ, ഇനി പുതിയ ഐഎൽഎസ് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കണം.
ADVERTISEMENT Go AD-FREE English Summary:
Karipur Airport will not receive its new ILS system as it has been decided to move it to Kolkata Airport. This relocation is due to delays in extending the runway end safety area (RESA) at Karipur.
Pages: [1]
View full version: കരിപ്പൂരിലെ ഐഎൽഎസ് അടുത്ത ആഴ്ചയോടെ റോഡ് മാർഗം കൊൽക്കത്തയിലേക്ക്; റെസ നവീകരണം പൂർത്തിയാകാത്തതിനാലെന്ന് വിശദീകരണം