ഗൾഫ് രാജ്യങ്ങളിലെ നിലവിലെ സ്ഥിതിയെന്താണ്? അവിടെ ജോലി ചെയ്യുന്ന മലപ്പുറം ജില്ലക്കാർ പറയുന്നു...
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/3/iran-building.jpg?w=1120&h=583പശ്ചിമേഷ്യയിൽ അശാന്തി പടർത്തി ഇസ്രയേൽ, യുഎസ്– ഇറാൻ യുദ്ധം തുടരുകയാണ്. ലക്ഷക്കണക്കിന് മലപ്പുറം ജില്ലക്കാർ ജോലി ചെയ്യുന്ന ഗൾഫ് രാഷ്ട്രങ്ങളിലെ അമേരിക്കൻ എയർ ബേസുകൾക്കു നേരെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണവും അവസാനിച്ചിട്ടില്ല. ഗൾഫ് രാജ്യങ്ങളിലെ നിലവിലെ സ്ഥിതിയെന്താണ്? അവിടെ ജോലി ചെയ്യുന്ന മലപ്പുറം ജില്ലക്കാർ പറയുന്നു...
ഖത്തർ- ശരീഫ് ഉള്ളാടശ്ശേരി (ഖത്തറിൽ ജോലി ചെയ്യുന്ന കോട്ടയ്ക്കൽ സ്വദേശി)
ഖത്തറിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഭക്ഷണസാധനങ്ങൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും പ്രവാസികൾ സാധനങ്ങൾ വാങ്ങിവയ്ക്കുന്നുണ്ട്. വിവിധ റീട്ടെയ്ൽ ഔട്‌ലെറ്റുകളിൽ സാധനങ്ങളുടെലഭ്യത തുടരുന്നുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ആവശ്യത്തിനുള്ള സാധനങ്ങൾ മാത്രം വാങ്ങിയാൽ മതിയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അൽ ഉദൈദ് എയർ ബേസ് ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തുന്നുണ്ട്. മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലം കാണാൻ പോകരുതെന്നും അധികൃതർ ഓർമപ്പെടുത്തിയിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുവാൻ, അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും എല്ലാവരും വീടകങ്ങളിൽ കഴിയണമെന്നുമുള്ള അധികൃതരുടെ നിർദേശം പാലിക്കുന്നുണ്ട്.
ഇറാന്റെ ആക്രമണം തുടരുന്നതിനാൽ, ഖത്തർ കടലിൽനിന്നു തന്നെ മിസൈലുകളെ തടുക്കുകയാണ് ചെയ്യുന്നത്. അതിർത്തിക്ക് പുറത്ത് മിസൈലുകളും ഡ്രോണുകളും തടയാൻ ഇപ്പോൾ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഖത്തർ അധികൃതർ പറയുന്നു. അതുകൊണ്ട് കേൾക്കുന്ന ശബ്ദങ്ങൾ മുൻപത്തെപോലെ ഉച്ചത്തിലല്ല. മിക്ക ഇന്റർസെപ്ഷനുകളും രാജ്യത്തിന് പുറത്തുള്ള അറേബ്യൻ ഗൾഫിന് മുകളിലാണ് നടക്കുന്നത്. കര പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ, അവശിഷ്ടങ്ങൾ റസിഡൻഷ്യൽ ഏരിയകളിൽ വീഴുന്നത് ഒഴിവാക്കാനാണിത് ചെയ്യുന്നത്.
ഒമാൻ- കരുവാത്ത് ഷബീൻ സിനാൻ, വെട്ടത്തൂർ
ഒമാന്റെ തലസ്ഥാനമായ മസ്കത്തിൽ ആണ് ജോലി ചെയ്യുന്നത്. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജീവിതവും തൊഴിലും സാധരണ ഗതിയിൽ തന്നെയാണ്.സർക്കാർ ഓഫിസുകൾ, വിദ്യാലയങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. വ്യോമഗതാഗതവും പതിവു പോലെയാണ്. സമാധാനത്തിന് ആണ് ഒമാൻ ഭരണാധികാരികൾ എപ്പോഴും പരിശ്രമിക്കാറുള്ളത്. ഇന്നലെ ഉച്ചയോടെ പോർട്ട് മേഖലയിൽ ഡ്രോൺ ആക്രമണം ഉണ്ടായി. ഭരണാധികാരികൾ തരുന്ന ധൈര്യം ഇവിടത്തെ ജനങ്ങൾ ഏറ്റെടുക്കുന്നു. രാജ്യത്ത് എല്ലാം സാധാരണ പോലെ തന്നെ നീങ്ങുന്നു.
ബഹ്റൈൻ- ജാഫർ തൊട്ടിയിൽ (എടക്കര മുണ്ട സ്വദേശി, ബഹ്റൈൻ സല്ലാഖിൽ കഫെറ്റീരിയ ജീവനക്കാരാണ്)
ആകാശത്ത് വെളിച്ചവും വലിയ ശബ്ദവുമാണ് ആദ്യം കേട്ടത്. താമസസ്ഥലത്തുനിന്ന് ആകാശത്തേക്ക് നോക്കുമ്പോൾ എല്ലാം കാണാം. പിന്നീട് കഴിഞ്ഞ ദിവസങ്ങളിലെല്ലാം, പ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളും മിസൈലുകളും ആകാശത്തുവച്ച് തകർക്കുമ്പോഴുണ്ടാകുന്ന വലിയ ശബ്ദവും പ്രകമ്പനവുമാണ്. ഇന്നലെ രാവിലെയും വലിയ ശബ്ദം ഉണ്ടായിരുന്നു. ഇപ്പോൾ ഒരു മണിക്കൂറിനിടയിൽ തന്നെ ഫോണിൽ അലർട്ട് വരും. സമീപത്തെ പൊലീസ് സ്റ്റേഷനിൽനിന്നു മുന്നറിയിപ്പ് നൽകുന്ന സൈറണും മുഴങ്ങും.ADVERTISEMENT Go AD-FREE
അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ പുറത്തിറങ്ങുന്നുള്ളൂ. വാഹനങ്ങളും വളരെ കുറവാണ്. ഞാൻ ജോലി ചെയ്യുന്ന കഫെറ്റീരിയ വൈകിട്ട് 4ന് തുറക്കുന്നുണ്ടെങ്കിലും രാത്രി പന്ത്രണ്ടോടെ അടയ്ക്കും. പ്രശ്നങ്ങൾ തുടങ്ങുന്നതിനു മുൻപ് നേരം വെളുക്കുവോളം തുറന്ന് പ്രവർത്തിച്ചിരുന്നു. സമീപങ്ങളിലെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന സൂപ്പർ മാർക്കറ്റുകളും നേരത്തേ അടച്ചുപോവുകയാണ്. ഇറാൻ തൊടുത്തുവിട്ട ഡ്രോണുകളും മിസൈലുകളും തകർത്തിട്ട സ്ഥലങ്ങളിലെ പല കുടുംബങ്ങളും സല്ലാഖ് ഭാഗത്ത് താമസത്തിന് വീടുകളും ഫ്ലാറ്റുകളും അന്വേഷിച്ചെത്തുന്നുണ്ട്. ചിലരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതാണ്. സുരക്ഷയുടെ ഭാഗമായി മാറിത്താമസിക്കുന്നവരുമുണ്ട്. വൈകാതെ തന്ന ബഹ്റൈൻ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇ- മനോജ് അമ്പലവള്ളി (ഫൗണ്ടർ ആൻഡ് സിഇഒ, ഫിനാസിൽ ടാക്സ് ആൻഡ് ഓഡിറ്റ് സർവീസസ് ദുബായ്. കുറുമ്പത്തൂർ സ്വദേശിയാണ്)
ഈ താൽക്കാലിക പ്രതിസന്ധികൾക്കിടയിലും യുഎഇ ഭരണകൂടം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അതിനാൽ, ദുബായിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് ഈ ഭരണകൂടത്തോട് കടപ്പാടുണ്ട്. ഇടയ്ക്കിടെ മൊബൈൽഫോണിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ വരുന്നുണ്ട്. ആകാശത്ത് ഇറാന്റെ മിസൈലുകളോ ഡ്രോണുകളോ പ്രത്യക്ഷപ്പെട്ടെന്ന് ഇതിനാൽ അറിയാനാകും. അൽപസമയം കഴിയുമ്പോൾ മറ്റൊരു സന്ദേശവും വരും. വന്നതൊക്കെ ഞങ്ങൾ ശരിയാക്കിയിട്ടുണ്ട് സുരക്ഷിതമായി ഇരിക്കൂ എന്ന സന്ദേശമായിരിക്കും അത്.ADVERTISEMENT Go AD-FREE
പ്രവാസികളുടെയും സ്വദേശികളുടെയും സുരക്ഷയ്ക്കും സമാധാനത്തിനും ഈ ഭരണകൂടം നൽകുന്ന കരുതൽ വലുതാണ്. അവശ്യസാധന ലഭ്യത ഉറപ്പ് വരുത്തുന്നതിനും ഈ സാഹചര്യത്തിൽ ഒരു തരത്തിലുമുള്ള വിലക്കയറ്റം ഉണ്ടാകില്ലെന്നും വ്യക്തമാക്കുന്ന സന്ദേശവും വരുന്നുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള ഒരു രാജ്യത്താണ് ഞങ്ങൾ കഴിയുന്നത്. പ്രവാസികൾക്ക് ഒരു ഭയപ്പാടുമില്ല. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ യുഎഇ ഭരണത്തിനു കഴിയുമെന്ന പ്രത്യാശയുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ സുരക്ഷയിലും സ്ഥിരതയിലുമുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഎഇ ഭരണാധികാരികൾ നഗരത്തിൽ നടത്തിയ പരസ്യ സന്ദർശനം ശ്രദ്ധേയമാണ്. തൊഴിൽതേടി വന്നവരും കുടുംബങ്ങൾക്കൊപ്പം കഴിയുന്നവരുമായ പ്രവാസികൾക്ക് കരുത്തും കരുതലുമായി ഭരണകൂടം കൂടെയുണ്ടെന്ന് പ്രവാസികൾക്കു പൂർണപ്രതീക്ഷയുണ്ട്. English Summary:
Iran War: Middle East crisis updates are crucial for Malayali expats working in the Gulf as Iran\“s missile and drone attacks continue. Reports from Qatar, Oman, Bahrain, and UAE highlight current situations and safety measures for millions from Malappuram district seeking employment abroad.
Pages:
[1]