വടകരയിലുള്ള തെങ്ങിലെ തേങ്ങയും കോഴിക്കോടിന്റെ ഐടി മേഖലയിലെ വളർച്ചയും തമ്മിലുള്ള ബന്ധം
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kozhikode/images/2026/3/3/ai-kozhitode-future-1.jpg?w=1120&h=583വടകരയിലെ തെങ്ങിന്റെ മണ്ടയിൽ മൂത്തു കിടക്കുന്ന തേങ്ങ; കോഴിക്കോടിന്റെ ഐടി മേഖലയ്ക്ക് എഐ സാങ്കേതികവിദ്യയിലുള്ള വളർച്ച. ഇവ രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? എന്തു തേങ്ങയാണ് പറയുന്നത് എന്നു ചിന്തിക്കാൻ വരട്ടെ. വടകരയിലെ തേങ്ങയും ജില്ലയുടെ ഐടിയുടെ ഭാവിയും തമ്മിൽ വലിയ ബന്ധമുണ്ട്. ജെൻ സി മുതൽ മുന്നോട്ടുള്ള പുതുതലമുറയിലെ കുട്ടികൾക്ക് എഐ ഇല്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാനാകില്ല. എഐ വന്നതോടെ ഈ ലോകത്തിന്റെ വേഗം കൂടി. അതിന് അനുസരിച്ച് നമ്മുടെ നാടും വളരുകയാണ്.
ഉച്ചയ്ക്ക് എവിടെനിന്ന് എന്തു ഭക്ഷണം കഴിക്കണമെന്നും ഹോട്ടലിലെ ഏതു സീറ്റിലിരുന്ന് ഭക്ഷണം കഴിച്ചാൽ ചൂടാറാതെ പെട്ടെന്ന് ഭക്ഷണം കിട്ടുമെന്നുമൊക്കെ പറഞ്ഞുതരുന്ന എഐ ടൂൾ. രാത്രി ഉറങ്ങാനുള്ള താരാട്ടു പാടാൻ വരെ എഐ തയാറാണ്. ഈ എഐ വിപ്ലവത്തിന്റെ തുടക്ക കാലത്താണ് കോഴിക്കോട്ടുകാരായ യുവാക്കൾ ഒരു ഗംഭീര കണ്ടുപിടിത്തം നടത്തിയത്. തേങ്ങയിടുന്ന യന്ത്രം ! ഏതു ശാസ്ത്രമേളയ്ക്കു പോയാലും ഇതുപോലെ പത്തിരുപതു സംഗതി കാണാം എന്നു പുച്ഛിക്കാൻ വരട്ടെ. കോക്കോ–ബോട്ട് എന്നുപേരുള്ള ഈ സംഗതിയിൽ എഐ സാങ്കേതിക വിദ്യ കൂടിയുണ്ട്. അതുകൊണ്ടുള്ള ഗുണമെന്താണ്? തെങ്ങിന്റെ അറ്റത്തു കയറിച്ചെല്ലുന്ന യന്ത്രം തേങ്ങ മൂത്തതാണോ എന്ന് തിരിച്ചറിയുന്നത് എഐ ഉപയോഗിച്ചാണ്. കരിക്കു വേണോ മൂത്ത തേങ്ങ വേണോ എന്ന് നോക്കി തേങ്ങ വലിക്കുന്ന യന്ത്രം കിടിലനല്ലേ. ഇവിടെയാണ് എഐ സാങ്കേതികവിദ്യയിൽ കോഴിക്കോടിന്റെ ഭാവി എത്ര വിശാലമാണെന്നു ചിന്തിക്കേണ്ടത്.
കോഴിക്കോട് സ്വദേശിയും ആൾട്ടർസേജ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ ആഷിൻ പി.കൃഷ്ണയും കൂട്ടുകാരും ചേർന്ന് വികസിപ്പിച്ച കൊക്കോ-ബോട്ട് സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത തേങ്ങയിടൽ യന്ത്രമാണ്. 2021ൽ പ്രോട്ടോടൈപ്പ് പുറത്തിറക്കി. 2023 ൽ കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ ആശയം അവതരിപ്പിച്ചതിനു പിന്നാലെ ഫണ്ട് കിട്ടി. അതേ വർഷം, സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 36 മണിക്കൂർ ഹാക്കത്തൺ വൈഗയിൽ ഈ ആശയം ഒന്നാം സമ്മാനം നേടി.
കേരളത്തിന്റെ ഡിജിറ്റൽ ഹബ്ബായി വളരുകയാണ് കോഴിക്കോട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) ഇൻഫർമേഷൻ ടെക്നോളജിയും (ഐടി) അടക്കമുള്ള മേഖലകളിൽ വൻ കുതിച്ചു ചാട്ടത്തിനാണ് കോഴിക്കോട് സാക്ഷ്യം വഹിക്കുന്നത്. സർക്കാർ സംരംഭങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂതന പദ്ധതികൾ, സ്വകാര്യ നിക്ഷേപങ്ങൾ എന്നിവയുടെ സംയോജനത്തോടെ കോഴിക്കോട് ഭാവിയുടെ എഐ ഹബ്ബായി മാറുകയാണ്. പുതിയ കുതിപ്പിലൂടെ ഈ നഗരം ‘ലോക ടെക് മാപ്പി’ൽ സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷ. ADVERTISEMENT Go AD-FREE
ഐടിയിലും ഡിജിറ്റൽ മാർക്കറ്റിങ്ങിലും പുതുതലമുറയെ വാർത്തെടുക്കുന്ന എൻഐടിയും ഐഐഎമ്മും അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ഗവ. എൻജിനീയറിങ് കോളജിൽ എഐ നൈപുണ്യ പരിശീലന പരിപാടികൾ നടന്നുവരുന്നുണ്ട്. ഐഐഎമ്മിൽ എഐ പ്രോഡക്ട് ഡവലപ്മെന്റ്, ഡേറ്റാ സയൻസ് കോഴ്സുകൾ നൽകി വരുന്നു. തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാലയിൽ പ്രഖ്യാപിക്കപ്പെട്ട എഐ സെന്റർ ഓഫ് എക്സലൻസ് ജില്ലയുടെ ഭാവിയിലേക്ക് തുറക്കുന്ന വാതിലാണ്.
കോഴിക്കോട്ട് ഗവ.സൈബർ പാർക്ക്, യുഎൽ സൈബർ പാർക്ക് എന്നീ 2 പ്രധാന ഐടി പാർക്കുകളും ഹൈലൈറ്റ് ബിസിനസ് പാർക്ക് അടക്കമുള്ള അനേകം സ്വകാര്യ സ്ഥാപനങ്ങളുമുണ്ട്. പുതുതലമുറയിലെ കുട്ടികൾ പഠിച്ചിറങ്ങുമ്പോൾ അവർക്ക് ‘വർക്ക് നിയർ ഹോം’ സംവിധാനത്തിൽ കോഴിക്കോട്ടു തന്നെ ജോലി നൽകാൻ തയാറായി അനേകം വിദേശകമ്പനികളും കോഴിക്കോട്ടേക്ക് വരുന്നുണ്ട്. സംസ്ഥാനത്തെ ആദ്യ എഐ ഇന്നവേഷൻ ഹബും കോഴിക്കോട്ടേക്ക് കടന്നു വരികയാണ്.
ADVERTISEMENT Go AD-FREE English Summary:
Artificial Intelligence (AI) is ushering in a new era of technological advancement, with Kozhikode poised for significant growth. The region is nurturing a talented young generation equipped for these new technologies, making it crucial for the community to provide them with extensive infrastructure and opportunities.
Pages:
[1]