മഴ പെയ്താൽ ഇനി എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് മുങ്ങില്ല; നവീകരണം ഒരു കോടി 88 ലക്ഷം രൂപ ചെലവിൽ
https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2026/3/3/ekm-new-ksrtc-bus-stand.jpg?w=1120&h=583കൊച്ചി ∙ വെള്ളക്കെട്ടിൽ നിറഞ്ഞു നിന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ഇനി പുതിയ മുഖം. നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനവും കാരിക്കാമുറിയിൽ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡിന്റെ ശിലാസ്ഥാപനവും 6ന് നടക്കും. രാവിലെ 11ന് മന്ത്രി ഗണേഷ് കുമാർ നവീകരിച്ച കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യും. പുതിയ ബസ് സ്റ്റാൻഡിന്റെ ശിലാസ്ഥാപനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. ടി.ജെ.വിനോദ് എംഎൽഎ അധ്യക്ഷത വഹിക്കും.
എംഎൽഎ ഫണ്ടും സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ച് ഒരു കോടി 88 ലക്ഷം രൂപ ചെലവഴിച്ചാണ് പഴയ ബസ് സ്റ്റാൻഡിന്റെ നവീകരണം പൂർത്തിയാക്കിയത്. 77.70 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നാണ്. ബിപിസിഎൽ ഒരു കോടി രൂപയും ജിയോജിത് 12 ലക്ഷം രൂപയും സിഎസ്ആർ ഫണ്ടായി വിനിയോഗിച്ചിട്ടുണ്ട്. മഴയത്ത് വിവേകാനന്ദ തോട് നിറഞ്ഞാൽ വെള്ളത്തിൽ മുങ്ങുന്ന കെഎസ്ആർടിസി സ്റ്റാൻഡിൽ ഇനി വെള്ളം കയറാത്ത വിധത്തിലാണു നിർമാണം. ഇതിനായി പ്രതലം ഉയർത്തി, സ്റ്റാൻഡ് പരിസരത്തു നിന്നു വെള്ളം ഒഴുകിപ്പോകാൻ ചുറ്റും കാനയും നിർമിച്ചു. വിവേകാനന്ദ തോട്ടിൽ നിന്ന് മഴയിൽ അഴുക്കും മാലിന്യവും സ്റ്റാൻഡ് പരിസരത്തേക്കു കയറാത്ത വിധം തോടിന്റെ വശത്ത് ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്.
ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറു വശത്ത് ചവിട്ടുപടികളും ഭിന്നശേഷിക്കാർക്കായി റാംപും ഒരുക്കിയിട്ടുണ്ട്. ബസുകൾ നിർത്തിയിടുന്ന കിഴക്കു വശത്ത് ഓരോ തൂണുകൾക്കും ഓരോ നമ്പർ നൽകി ബസുകൾക്ക് നിശ്ചിത സ്ഥലം ഒരുക്കിയിട്ടുണ്ട്. എൻജിഒ സുലഭിന്റെ സഹായത്തോടെയാണ് ശുചിമുറി കോംപ്ലക്സിന്റെ നിർമാണം. കോട്ട സ്റ്റോൺ ഉപയോഗിച്ചാണ് നിലം ഒരുക്കിയത്. സ്റ്റാൻഡിന് അകത്ത് ഉപയോഗശൂന്യമായി കിടന്നിരുന്ന 6 കടമുറികൾ പ്രതിമാസം 30,000–70,000 രൂപ നിരക്കിൽ ടെൻഡർ ചെയ്തിട്ടുണ്ട്.
ഇത് ഭാവിയിൽ കെഎസ്ആർടിസിക്കു വരുമാന മാർഗവും ആകും. രാത്രി ഇരുട്ടിൽ മുങ്ങിയ സ്റ്റാൻഡിനു ചുറ്റും വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചു. അവസാനഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്. പുതിയ ബസ് സ്റ്റാൻഡ് എന്ന നഗരവാസികളുടെ ആവശ്യവും വർഷങ്ങളായി ശോച്യാവസ്ഥയിൽ കിടന്നിരുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നവീകരണവും പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ടി.ജെ.വിനോദ് എംഎൽഎ പറഞ്ഞു.
ADVERTISEMENT Go AD-FREE English Summary:
Ernakulam KSRTC Bus Stand has been renovated and will be inaugurated on the 6th. The foundation stone for a new bus stand at Karikkamuri will also be laid on the same day, marking a significant upgrade for public transportation in Kochi.
Pages:
[1]