LHC0088 Publish time 1 hour(s) ago

ഗൾഫിൽ യുദ്ധം, വിമാനയാത്ര മുടങ്ങി; കോവളത്ത് തമ്പടിച്ച് വിദേശ വിനോദ സഞ്ചാരികൾ

https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2026/3/2/foreign-tourists-stuck-kovalam.jpg?w=1120&h=583



കോവളം ∙ വിനോദ സഞ്ചാര തീരത്തെ വിശാല മണൽപ്പരപ്പിൽ വിടർന്ന കുടകൾക്കു കീഴിലെ നിരന്ന കട്ടിലുകളിൽ വിദേശ സഞ്ചാരികളുടെ തിരക്ക്. വിനോദ സഞ്ചാര സീസണിലെ തിരക്കെന്നതിലുപരി നാട്ടിലേക്ക് മടങ്ങാനാകാതെ കഴിയുന്ന സഞ്ചാരികളാണിതിലേറെയും. ഗൾഫ് യുദ്ധമേഖലയായതോടെ കഴിഞ്ഞ ദിവസം ഒട്ടുമിക്ക വിമാന സർവീസുകളും റദ്ദാക്കിയതാണ് സഞ്ചാരികളുടെ യാത്ര മുടങ്ങാൻ കാരണം. വിമാനത്താവളത്തിൽ പോയ വിദേശികൾ പലരും അതേ വേഗത്തിൽ കോവളത്തേക്ക് മടങ്ങി.

തീരത്തെ കട്ടിലുകളിൽ കിടന്നു യുദ്ധ വിവരങ്ങൾ മൊബൈൽ ഫോണുകളിൽ അറിഞ്ഞും കണ്ടും ആശങ്കയിലാണ് പല വിദേശികളും. ചിലരാകട്ടെ സമയത്തിനു നാട്ടിലെത്താനാകാത്തതിന്റെ രോഷം ഫോണിലൂടെ അറിയിക്കുന്നതും കാണാമായിരുന്നു. റഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് മടങ്ങാനിരിക്കുന്നവരാണ് ഏറെയും യാത്ര ചെയ്യാനാകാതെ ഇവിടെ തുടരുന്നത്. ഡൽഹിയിലെത്തി നേരിട്ടുള്ള വിമാന ലഭ്യതക്കു സാധ്യതയുണ്ടെങ്കിലും സമയവും സാമ്പത്തികവും കൂടുമെന്നതിനാൽ പല സഞ്ചാരികളും ഇതിനു ശ്രമിക്കുന്നില്ലെന്നു ടൂർ ഓപ്പറേറ്റർമാർ പറയുന്നു. അതേസമയം സുരക്ഷിതമായ രാജ്യത്താണ് തങ്ങൾ കഴിയുന്നതെന്ന നിലക്ക് കാര്യങ്ങൾ ശാന്തമാകുന്നതു വരെ ഇവിടെ തുടരാമെന്നു വിചാരിക്കുന്നവരും ഏറെയാണ്.

രാജ്യാന്തര സർവീസുകൾ റദ്ദാക്കി; ആളൊഴിഞ്ഞ് വിമാനത്താവളങ്ങൾ
പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഇന്ത്യയിൽനിന്നുള്ള നിരവധി രാജ്യാന്തര വിമാനസർവീസുകളാണ് റദ്ദാക്കിയത്. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നൂറിലേറെ വിദേശ സർവീസുകളാണു റദ്ദാക്കിയത്. ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ മരവിപ്പിച്ചെന്ന് എയർ ഇന്ത്യയും അറിയിച്ചു. വരുംദിവസങ്ങളിലും സർവീസ് തടസ്സപ്പെട്ടാൽ ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഗൾഫ് മേഖലയിലേക്കും തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധികനിരക്കില്ലാതെ തീയതി മാറ്റാൻ അവസരമുണ്ട്. ഈ മാസം 5 വരെയുള്ള യാത്രകളുടെ ബുക്കിങ്ങിനാണ് ഈ സൗകര്യം. ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യും.

നെടുമ്പാശേരിയിലെ കൊച്ചി വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽനിന്നും ഗൾഫിലേക്കുള്ള വിമാനസർവീസുകൾ ഭൂരിഭാഗവും മുടങ്ങി. ഗൾഫിലേക്ക് കൊച്ചിയിൽ നിന്ന് ഏറ്റവുധികം സർവീസുകളുള്ളത് അബുദാബി, ദോഹ എന്നിവിടങ്ങളിലേക്കാണ്, 8 വീതം.
ADVERTISEMENT Go AD-FREE English Summary:
Kovalam beach is witnessing an unusual influx of foreign tourists, not just due to the peak season but primarily because many are stranded and unable to return home. The cancellation of most flight services following the escalating Gulf war has halted their journeys, leaving them anxiously monitoring war updates on their phones from the safety of their hotel beds.
Pages: [1]
View full version: ഗൾഫിൽ യുദ്ധം, വിമാനയാത്ര മുടങ്ങി; കോവളത്ത് തമ്പടിച്ച് വിദേശ വിനോദ സഞ്ചാരികൾ