അർജുൻ പാണ്ഡ്യന് പകരക്കാരിയായി ശിഖ സുരേന്ദ്രൻ; ജില്ലയുടെ പുതിയ കലക്ടറായി ചുമതലയേൽക്കും
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/thrissur/images/2026/3/2/Sikha-Surendran.jpg?w=1120&h=583തൃശൂർ ∙ ജില്ലയുടെ പുതിയ കലക്ടറായി 2018 കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥ ശിഖ സുരേന്ദ്രൻ ഇന്ന് ചുമതലയേൽക്കും. മുൻപ് ജില്ലാ ഡവലപ്മെന്റ് കമ്മിഷണറായി തൃശൂരിൽ പ്രവർത്തിച്ചിട്ടുണ്ട്. ടൂറിസം ഡയറക്ടറായും കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ (കെടിഡിസി) മാനേജിങ് ഡയറക്ടറുമായിരിക്കെയാണ് തൃശൂരിലേക്കുള്ള നിയമനം.
സ്ഥലംമാറുന്ന കലക്ടർ അർജുൻ പാണ്ഡ്യൻ ഇന്നു രാവിലെ 9.30ന് പുതിയ കലക്ടർ ശിഖ സുരേന്ദ്രനു ചുമതല കൈമാറും.ജില്ലയുടെ ചുമതലയേൽക്കുന്ന 48–ാം കലക്ടറാണ്. 2023ൽ സ്ഥലം മാറിപ്പോയ ഹരിത വി.കുമാറിനു ശേഷം ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന വനിതാ കലക്ടറും. എറണാകുളം കോലഞ്ചേരി വടയമ്പാടി സ്വദേശിയായ ശിഖ സുരേന്ദ്രൻ 2018ൽ 16–ാം റാങ്കോടെയാണ് സിവിൽ സർവീസ് നേടിയത്. ദേശീയതലത്തിൽ 16–ാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും.
2019 മേയിൽ കോട്ടയം അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2020 സെപ്റ്റംബറിൽ കൊല്ലം സബ് കലക്ടർ. 2021ൽ ഒറ്റപ്പാലം സബ് കലക്ടറായി ചുമതലയേറ്റു. പിന്നീട് ആരോഗ്യ–കുടുംബക്ഷേമ വകുപ്പിലെ ഡപ്യൂട്ടി സെക്രട്ടറിയും കേരള ലൈഫ് മിഷൻ സിഇഒയുമായി.
കോലഞ്ചേരി സെന്റ് പോൾസ് സ്കൂൾ, സെന്റ് പീറ്റേഴ്സ് സ്കൂൾ, കടയിരുപ്പ് ഗവ.എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു പഠനം.പ്ലസ്ടുവിൽ മലയാളത്തിൽ മുഴുവൻ മാർക്കും (100) നേടിയിരുന്നു. കോതമംഗലം എംഎ എൻജിനീയറിങ് കോളജിൽ നിന്നു മികച്ച വിദ്യാർഥിക്കുള്ള മെഡലോടെ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടി.ADVERTISEMENT Go AD-FREE
തുടർന്ന് മലയാളം പ്രധാന വിഷയമായി തിരഞ്ഞെടുത്താണ് സിവിൽ സർവീസ് എഴുതിയത്. വടയമ്പാടി കാവനാക്കുടിയിൽ പരേതനായ സുരേന്ദ്രന്റെയും സിലോയുടെയും മകളാണ്.ഭർത്താവ്: അനൂപ് അച്യുതൻ. മകൾ: സാൻവി. English Summary:
Shikha Surendran takes charge as the new Collector of Thrissur district. She is an IAS officer from the 2018 Kerala cadre and previously served as the District Development Commissioner in Thrissur.
Pages:
[1]