61 ലക്ഷവും 12 ലക്ഷത്തിന്റെ മലേഷ്യൻ കറൻസിയും പൊലീസ് കൊണ്ടുപോയത് നാട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം
https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2026/2/27/erumely-cash-seizure-ksrtc-bus.jpg?w=1120&h=583എരുമേലി ∙ രേഖകൾ ഇല്ലാതെ കെഎസ്ആർടിസി ബസിൽ കൊണ്ടുവന്ന 61.10 ലക്ഷം രൂപയും 12 ലക്ഷം രൂപയുടെ മലേഷ്യൻ കറൻസിയും എണ്ണിത്തീർത്തത് 3 മണിക്കൂർകൊണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം മൊബൈൽ ഷോപ്പ് നടത്തുന്ന ചരള മാളിക വീട്ടിൽ അബ്ദുൽ ഷുക്കൂറിനെ (72) ആണു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിനു ലഭിച്ച രഹസ്യ വിവരത്തെ ബെംഗളൂരുവിൽനിന്ന് എത്തിയ ഇദ്ദേഹത്തെ ഡാൻസാഫ് സംഘം പിന്തുടർന്നാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തുനിന്ന് കസ്റ്റഡിയിൽ എടുത്തത്.
എന്നാൽ വാഹനം വാങ്ങാൻ വേണ്ടി സ്വരൂപിച്ച പണമാണെന്നും കോയമ്പത്തൂരിൽ നിന്നാണ് വന്നതെന്നുമാണ് അബ്ദുൽ ഷുക്കൂർ പൊലീസിനോട് പറഞ്ഞത്. പലരിൽ നിന്ന് പണം വായ്പ വാങ്ങിയും സ്വർണം പണയം വച്ചും സ്വരുക്കൂട്ടിയ പണമാണെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ആരിൽ നിന്നാണ് പണം വാങ്ങിയതെന്നും എത്ര രൂപ വീതം വാങ്ങി എന്നുമുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്ന് എസ്എച്ച്ഒ ഇ.ഡി.ബിജു പറഞ്ഞു.
ബെംഗളൂരുവിൽ നിന്ന് വന്ന് പാലായിൽ ഇറങ്ങിയ ശേഷം ഇവിടെ നിന്ന് കെഎസ്ആർടിസി ബസിലാണ് എരുമേലിയിൽ എത്തിയത്. പൊലീസ് സംഘം ഇയാളെ രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു. എരുമേലിയിൽ എത്തി ബസിൽ നിന്ന് ഇറങ്ങുമ്പോഴാണ് ഇദ്ദേഹത്തെ പിടികൂടി ബാഗുകൾ പരിശോധിച്ചത്. രണ്ട് ബാഗുകളാണ് കൈവശം ഉണ്ടായിരുന്നത്. ഒരു ബാഗിന്റെ രഹസ്യ അറയിലാണു മലേഷ്യൻ കറൻസി കണ്ടെത്തിയത്. എരുമേലിയിൽ എത്തുന്ന മലേഷ്യയിൽ നിന്നുള്ള തീർഥാടകർക്ക് ഇന്ത്യൻ രൂപ നൽകി പകരം മാറി മലേഷ്യൻ കറൻസി മാറി വാങ്ങിയതെന്നാണ് അബ്ദുൽ ഷുക്കൂർ പൊലീസിനോട് പറഞ്ഞത്.
പണം സ്റ്റേഷനിൽ സൂക്ഷിച്ച ശേഷം കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും കോടതിയുടെ നിർദേശ പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും എസ്എച്ച്ഒ അറിയിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ നാട്ടുകാരുടെ സാന്നിധ്യത്തിലാണ് നോട്ട് എണ്ണുന്ന മെഷീൻ കൊണ്ടുവന്ന് പൊലീസ് പണം എണ്ണി തിട്ടപ്പെടുത്തിയത്. എണ്ണിത്തീർത്തത് 3 മണിക്കൂർ കൊണ്ടാണ്. രൂപ എണ്ണി തിട്ടപ്പെടുത്തി, ചുറ്റും കൂടിയ നാട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷമാണ് പൊലീസ് പണം കൊണ്ടുപോയത്. പിന്നീട് വിശദമായി ബാഗ് പരിശോധിച്ചപ്പോഴാണ് 11 ലക്ഷം രൂപയുടെ മലേഷ്യൻ കറൻസി ബാഗിൽ കണ്ടെത്തിയത്. തുടർന്ന് അതും എണ്ണി.
ADVERTISEMENT Go AD-FREE English Summary:
Erumely police have taken a 72-year-old man into custody with a substantial amount of unaccounted cash and Malaysian currency. The individual was apprehended near the KSRTC bus stand following a tip-off.
Pages:
[1]