deltin33 Publish time 3 hour(s) ago

ടാറ്റയിൽ വീണ്ടും പടലപ്പിണക്കം? ചന്ദ്രശേഖരന്‍റെ പുനർനിയമനം വൈകും, നോയൽ ടാറ്റയ്ക്ക് എതിര്‍പ്പ്?

https://img-mm.manoramaonline.com/content/dam/mm/mo/archive/business/business-news/images/2026/2/24/noel-chandra-main.jpg?w=1120&h=583



ടാറ്റ ഗ്രൂപ്പിൽ വീണ്ടും തർക്കം. ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്ത് എൻ.ചന്ദ്രശേഖരനെ പുനർ നിയമനം നടത്താനുള്ള ഡയറക്ടർ ബോർഡ്തീരുമാനം വൈകിയേക്കും. ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ലെന്നാണ് വിവരം. അടുത്ത വര്‍ഷം ഫെബ്രുവരി വരെയാണ് ചെയര്‍മാൻ സ്ഥാനത്ത് ചന്ദ്രശേഖരന്‍റെ കാലാവധി. 2017 മുതൽ ടാറ്റ സൺസിന്‍റെ തലപ്പത്തുള്ള ചന്ദ്രശേഖരൻ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളിൽ മികച്ച രീതിയിലുള്ള മാറ്റം കൊണ്ടുവന്നിരുന്നു. എന്നാൽ അടുത്തിടെ കമ്പനിയിൽ ഉണ്ടായ അധികാര തർക്കങ്ങളാണ് ചന്ദ്രശേഖരന്‍റെ പുനർ നിയമനത്തെയും ബാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അടുത്ത അഞ്ച് വർഷത്തേക്കു കൂടി ചെയർമാൻ സ്ഥാനത്ത് ചന്ദ്രശേഖരനെ തുടരാൻ അനുവദിക്കുന്ന തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാകുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാൽ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ ഉയർത്തിയ ചില വിഷയങ്ങളാണ് ചന്ദ്രശേഖരന് തിരിച്ചടിയായത്. ടാറ്റ ഗ്രൂപ്പിന് കീഴിലെ ചില കമ്പനികളിലെ നഷ്ടം ചൂണ്ടിക്കാട്ടിയ നോയൽ, ടാറ്റ സൺസ് ഒരിക്കലും വിപണിയിൽ ലിസ്റ്റ് ചെയ്യില്ലെന്ന് ചന്ദ്രശേഖരൻ രേഖാമൂലം ഉറപ്പു നൽകണമെന്നും ആവശ്യപ്പെട്ടു.

ഈ വാദത്തോട് യോഗത്തിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നു. ഏതെങ്കിലും ചില കമ്പനികളിലെ നഷ്ടം ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള പ്രകടനമായി പരിഗണിക്കരുതെന്നായിരുന്നു മറുഭാഗത്തിന്‍റെ ആവശ്യം. ചന്ദ്രശേഖരന്‍ ഇത്രയും കാലം ടാറ്റ ഗ്രൂപ്പിന് ചെയ്ത സേവനം മറക്കരുതെന്നും ഇവർ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. പുനർ നിയമനത്തിൽ വോട്ടെടുപ്പ് നടത്താമെന്ന നിർദേശം ഉയർന്നെങ്കിലും തീരുമാനം മാറ്റിവെക്കാൻ ചന്ദ്രശേഖരൻ തന്നെ ആവശ്യപ്പെടുകയായിരുന്നു. റിപ്പോർട്ടുകളോട് ടാറ്റ സൺസ് പ്രതികരിച്ചിട്ടില്ല.

ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, എയർ ഇന്ത്യ തുടങ്ങി മുപ്പതോളം ടാറ്റ കമ്പനികളുടെ നിയന്ത്രണം ടാറ്റ സൺസ് എന്ന ഹോൾഡിങ് കമ്പനിക്കാണ്. ടാറ്റ സൺസിന്‍റെ 66 ശതമാനം ഓഹരിയും ടാറ്റ ട്രസ്റ്റ്സ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കീഴിലുമാണ്. രത്തൻ ടാറ്റയുടെ മരണത്തിന് പിന്നാലെ അടുത്തിടെ ടാറ്റ ട്രസ്റ്റിലെ അധികാര തർക്കം വലിയ വാർത്തയായിരുന്നു. കേന്ദ്രമന്ത്രിമാർ വരെ ഇടപെട്ടാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമായത്. ഇത് വീണ്ടും ആവർത്തിക്കുമോയെന്നാണ് ഇപ്പോൾ വ്യവസായ ലോകം ഉറ്റുനോക്കുന്നത്.ADVERTISEMENT Go AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക് https://www.manoramaonline.com
Pages: [1]
View full version: ടാറ്റയിൽ വീണ്ടും പടലപ്പിണക്കം? ചന്ദ്രശേഖരന്‍റെ പുനർനിയമനം വൈകും, നോയൽ ടാറ്റയ്ക്ക് എതിര്‍പ്പ്?