സ്വർണവിലയെ പിടിച്ചുയർത്തി ട്രംപ് താരിഫും ഇറാൻ യുദ്ധഭീതിയും; കേരളത്തിൽ ഇന്നും വൻ വർധന, ‘വെറുതേ’ റിവേഴ്സ് ഗിയറിട്ട് വെള്ളി
https://img-mm.manoramaonline.com/content/dam/mm/mo/sampadyam/business-news/images/2024/9/25/gold-shutterstock_main.jpg?w=1120&h=583സ്വർണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നു രാവിലെയും വൻ മുന്നേറ്റത്തിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോക രാജ്യങ്ങൾക്കുമേൽ ചുമത്തിയ പകരംതീരുവ സുപ്രീം കോടതി വിധിയെ തുടർന്ന് അലങ്കോലമായതും ഇറാൻ-യുഎസ് യുദ്ധത്തിനുള്ള സാധ്യത മങ്ങാത്തതും സ്വർണത്തിന് നൽകുന്ന ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയാണ് വിലക്കയറ്റത്തിനുള്ള പ്രധാന ഊർജം.
കേരളത്തിൽ ഗ്രാം വില രാവിലെ 140 രൂപ വർധിച്ച് 14,830 രൂപയായി. പവന് വില 1,120 രൂപ ഉയർന്ന് 1,18,640 രൂപയിലുമെത്തി. രാജ്യാന്തരവില ഒരുഘട്ടത്തിൽ ഔൺസിന് 5,249 ഡോളർ വരെ ഉയർന്നെങ്കിലും ഇപ്പോഴുള്ളത് 5,172 ഡോളറിൽ. ഈ തിരിച്ചിറക്കം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ വില ഇതിലും കൂടുമായിരുന്നു. ട്രംപിന്റെ പകരംതീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് അദ്ദേഹം എല്ലാ രാജ്യങ്ങൾക്കും പൊതുവായി 15% വീതം തീരുവ ഏർപ്പെടുത്തി. ഇത് യൂറോപ്പ്യൻ യൂണിയനും യുകെയും ഉൾപ്പെടെ പല രാജ്യങ്ങളെയും അസ്വസ്ഥരാക്കി.
15% തീരുവ വന്നതോടെ കയറ്റുമതി രംഗത്ത് എതിരാളികൾക്കുമേൽ ഉണ്ടായിരുന്ന മേൽക്കൈ നഷ്ടമായി, തീരുവ ഇല്ലാതിരുന്ന ഒട്ടേറെ ഉൽപന്നങ്ങൾക്ക് 15% തീരുവ ബാധകമായി തുടങ്ങിയ പരിഭവങ്ങളാണ് യൂറോപ്പിനുള്ളത്. മാത്രമല്ല, 15% തീരുവ 5 മാസത്തേക്കു മാത്രമാണ്. അതിനുശേഷമെന്ത് എന്നതു സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതും നേട്ടമായത് സ്വർണത്തിന്.
ഓഹരി, കടപ്പത്രം, ക്രിപ്റ്റോകറൻസി വിപണികൾ നഷ്ടത്തിലായതും യുഎസ് ഡോളർ ഇൻഡക്സ് താഴ്ന്നതും സ്വർണത്തിന് ഗുണം ചെയ്തു. കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില രാവിലെ ഗ്രാമിന് 115 രൂപ ഉയർന്ന് 12,250 രൂപയിലെത്തി. അതേസമയം, രാജ്യാന്തരവില വർധിച്ചിട്ടും കേരളത്തിൽ വെള്ളിവില താഴുകയാണുണ്ടായത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 285 രൂപ. ADVERTISEMENT Go AD-FREE
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില 115 രൂപ വർധിച്ച് 12,185 രൂപയാണ്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 285 രൂപ.
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity ADVERTISEMENT Go AD-FREE
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business English Summary:
Gold price Live: Gold & silver prices fall in Kerala today. Why is gold price falling?
Pages:
[1]