തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ: പുതിയ തുരങ്കത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം; ചെലവ് 30 കോടി
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/thiruvananthapuram/images/2026/2/21/kanyakumari-rail-tunnel.jpg?w=1120&h=583തിരുവനന്തപുരം ∙ തിരുവനന്തപുരം–കന്യാകുമാരി റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ബാലരാമപുരത്തു നിർമിക്കുന്ന പുതിയ തുരങ്കത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചു. മണ്ണ് ഇടിയുന്ന മേഖലയായതിനാൽ പൈൽ ആൻഡ് വോൾ മെതേഡ് ഉപയോഗിച്ചാകും തുരങ്കത്തിന്റെ നിർമാണം. ബാലരാമപുരത്തു നിന്നു നേമത്തേക്കു പോകുമ്പോൾ പഴയ തുരങ്കത്തിന്റെ വലതു ഭാഗത്താണു പുതിയ തുരങ്കം വരുന്നത്. 200 മീറ്ററോളം നീളമുള്ള പുതിയ തുരങ്കത്തിന് 16 മീറ്റർ വീതിയുണ്ടാകും.
റോഡ് ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത രീതിയിലാകും നിർമാണം. തുരങ്കത്തിനായി ഇരുവശത്തും പൈലിങ് നടത്തി തൂണുകൾ നിർമിച്ച ശേഷം തൂണുകളുടെ മുകൾ ഭാഗം ബന്ധിപ്പിച്ചു ബീമുകളും സ്ലാബുകളും വാർക്കും. തുടർന്നാണ് ഉള്ളിലെ മണ്ണ് നീക്കം ചെയ്യുക. തുടർന്നു തറ ഭാഗവും കോൺക്രീറ്റ് ചെയ്തു ട്രാക്കുകൾ ഉറപ്പിക്കും.
30 കോടി രൂപയാണു തുരങ്കത്തിന് ചെലവു പ്രതീക്ഷിക്കുന്നത്. 8 മുതൽ 12 മാസമാണു നിർമാണ കാലയളവ്. ഇപ്പോഴുള്ള തുരങ്കത്തിൽ ട്രെയിനുകൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരട്ടപ്പാത ഉള്ള പുതിയ തുരങ്കം വരുന്നതോടെ പഴയത് ഉപേക്ഷിക്കും. പുതിയ തുരങ്കത്തിന്റെ രൂപരേഖ ചെന്നൈ ഐഐടിയുടെ പരിശോധനയ്ക്ക് ശേഷമാണു ദക്ഷിണ റെയിൽവേ അംഗീകരിച്ചത്. കൊച്ചിയിലെ പൗലോസ് ജോർജ് കൺസ്ട്രക്‌ഷൻ കമ്പനിക്കാണു നിർമാണച്ചുമതല. കുന്നിന്റെ മുകളിലെ 50 ലോഡ് മണ്ണ് കമ്പനി നീക്കം ചെയ്തിരുന്നു. വൈകാതെ മറ്റു യന്ത്ര സാമഗ്രികൾ സ്ഥലത്ത് എത്തിക്കും. പാത ഇരട്ടിപ്പിക്കലിനൊപ്പം മണ്ണ് ഇടിയുന്ന സ്ഥലങ്ങൾ ബലപ്പെടുത്താനുള്ള പണികളും കന്യാകുമാരി പാതയിൽ നടക്കുന്നുണ്ട്. ഇരട്ടപ്പാത വരുന്നതോടെ മണ്ണിടിയുന്ന പ്രശ്നങ്ങൾക്കും പരിഹാരമാകും. English Summary:
Balramapuram tunnel construction has received design approval for the Thiruvananthapuram-Kanyakumari railway doubling project. This new tunnel, utilizing the pile and wall method due to soil instability, will be located to the right of the old tunnel and will be approximately 200 meters long and 16 meters wide.
Pages:
[1]