ഭാഗ്യത്തിന്റെ ഫോട്ടോകോപ്പി മാടി മാടി വിളിച്ചപ്പോൾ..; 11ന് നറുക്കെടുത്ത ധനലക്ഷ്മി ഭാഗ്യക്കുറിയുടെ പേരിൽ തട്ടിപ്പ്
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/thiruvananthapuram/images/2026/2/21/trivandrum-fake-lottery.jpg?w=1120&h=583മലയിൻകീഴ് ∙ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോകോപ്പി നൽകി വിൽപനക്കാരിയിൽ നിന്നും പണം തട്ടിയതായി പരാതി. കഴിഞ്ഞ ദിവസം മലയിൻകീഴ് പാലോട്ടുവിള ഭാഗത്തെ ലോട്ടറി ഏജൻസിയിൽ നിന്നും സമാനരീതിയിൽ തട്ടിപ്പ് നടന്നതായി പരാതി ഉണ്ടായിരുന്നു. 2 തട്ടിപ്പിനു പിന്നിലും ഒരാൾ ആണെന്ന് സൂചന. പേയാട് പള്ളിമുക്കിന് സമീപം ലോട്ടറി വിൽക്കുന്ന സിന്ധുവാണ് മലയിൻകീഴ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 11ന് നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ ധനലക്ഷ്മി ഭാഗ്യക്കുറിയുടെ ഡിഎൽ 39 സിരീയസിലെ ഡിഡി 319785 നമ്പർ ടിക്കറ്റാണ് സമ്മാനം ഉണ്ടെന്ന് പറഞ്ഞു യുവാവ് സിന്ധുവിനെ സമീപിച്ചത്.
ലോട്ടറിയിലെ ക്യുആർ കോഡ് മൊബൈൽ ഫോൺ ഉപയോഗിച്ചു സ്കാൻ ചെയ്തപ്പോൾ സമ്മാനം ഉള്ളതായി സിന്ധുവിന് മനസിലായി. തുടർന്ന് 500 രൂപയ്ക്ക് 10 ലോട്ടറി ടിക്കറ്റ് എടുക്കുകയും ബാക്കി 4500 രൂപയും വാങ്ങി ഇയാൾ കടന്നു. വൈകിട്ട് ഏജൻസിയിൽ സിന്ധു ടിക്കറ്റ് നൽകിയപ്പോഴാണ് വ്യാജം ആണെന്ന് തിരിച്ചറിഞ്ഞത്. സമ്മാനാർഹമായ ടിക്കറ്റിന്റെ ഫോട്ടോകോപ്പി ഉപയോഗിച്ച് പണം തട്ടുകയാണെന്നാണ് സംശയം. ഫോട്ടോകോപ്പി ആണെങ്കിലും ക്യുആർ കോഡ് മൊബൈൽ ഫോൺ വഴി സ്കാൻ ചെയ്ത് സമ്മാനം ഉണ്ടോ എന്ന് ഉറപ്പിക്കാൻ സാധിക്കും. എന്നാൽ സ്കാൻ ചെയ്യുന്ന മെഷീൻ വച്ചു പരിശോധിക്കുമ്പോഴാണ് ക്യുആർ കോഡ് ഒറിജിനൽ അല്ലെന്ന് വ്യക്തമാകുന്നത്. പാലോട്ടുവിള മാങ്കുന്നിൽ നെൽസണിന്റെ കടയിലാണ് തിങ്കളാഴ്ച സമാന രീതിയിൽ തട്ടിപ്പ് നടന്നത്.
രണ്ടിടത്തും ഒരേ തരത്തിലുള്ള വ്യാജ ലോട്ടറിയാണ് നൽകിയത്. സ്കാൻ ചെയ്തപ്പോൾ കുഴപ്പം തോന്നിയില്ലെങ്കിലും തുടർന്നുള്ള പരിശോധനയിലാണ് ടിക്കറ്റ് വ്യാജം ആണെന്ന് നെൽസണിന് മനസ്സിലായത്. ഇവിടെ നിന്നും 500 രൂപയ്ക്കുള്ള 10 ലോട്ടറി ടിക്കറ്റും ബാക്കി തുകയായ 4500 രൂപയും വാങ്ങിയാണ് തട്ടിപ്പുകാരൻ മടങ്ങിയത്. കടയിലെ സിസിടിവിയിൽ സംഭവങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇയാൾ തന്നെയാണ് തന്റെ കയ്യിൽ നിന്നും പണവുമായി പോയതെന്ന് സിന്ധുവും ഉറപ്പിക്കുന്നു. ഇയാൾ മറ്റു ലോട്ടറി കടകളിലും എത്തിയതായി സൂചനയുണ്ട്. അതേസമയം, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മലയിൻകീഴ് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. English Summary:
A lottery scam involving fake tickets has been reported in Malayinkeezh, Kerala, with a seller losing money after being given a photocopy of a winning ticket. Preliminary investigations suggest the same individual may be behind similar fraudulent activities in the area.
Pages:
[1]