Chikheang Publish time 1 hour(s) ago

‘ഉച്ചയ്ക്ക് ഒന്നോടെ വലിയ ശബ്ദവും നിലവിളിയും കേട്ടു; ഓടിയെത്തിയപ്പോൾ ഒരാൾ വെള്ളത്തിലൂടെ നീന്തിവരുന്നതാണ് കണ്ടത്’

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/malappuram/images/2026/2/21/malappuram-accident.jpg?w=1120&h=583



ആതവനാട് ∙ നിയന്ത്രണംവിട്ട മിനിലോറി 65 അടി താഴ്ചയുള്ള കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിലേക്കു വീണ് ഒരാൾ മരിച്ചു. ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. ചട്ടിപ്പറമ്പിലെ കറി പൗഡർ കമ്പനിയിൽ സെയിൽസ്മാനായ മേൽമുറി പൈത്തിനിപ്പറമ്പ് സ്വദേശി മുസ്തഫ കുന്നത്തൊടി (43) ആണു മരിച്ചത്. നീന്തി രക്ഷപ്പെട്ട ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ കാട്ടിക്കുളങ്ങര ജാഫർ (40) വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല. വെള്ളത്തിൽ പൂർണമായി മുങ്ങിയ ലോറിയുടെ കാബിനിൽ അകപ്പെട്ട മുസ്തഫയെ 7 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കറി പൗഡർ കമ്പനിയുടെ സെയിൽസ് വാഹനമാണ് പരിതി–ചെമ്പിക്കൽ റോഡിലെ കെൽടെക്സ് റോഡ് ജംക്‌ഷനിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അപകടത്തിൽപ്പെട്ടത്. കെൽടെക്സ് റോഡിൽനിന്ന് ഇറക്കമിറങ്ങി വരികയായിരുന്ന മിനിലോറിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സമീപത്തെ പറമ്പിലുള്ള കരിങ്കൽ ക്വാറിയിലെ വെള്ളത്തിലേക്കാണു ലോറി വീണത്. സമീപത്ത് ക്ഷേത്രോത്സവച്ചടങ്ങിനെത്തിയവർ ഓടിയെത്തി ജാഫറിനെ ആശുപത്രിയിലേക്കു മാറ്റി. പിന്നീട് അഗ്നിരക്ഷാ സേനയും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ലോറി ഉയർത്തി മുസ്തഫയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. ‌ഏഴ് മണിക്കൂർ നീണ്ട പ്രയത്നത്തിനു ശേഷമാണ് മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്.

നാലു തവണ ശ്രമം പരാജയപ്പെട്ടു. അഞ്ചാം ശ്രമത്തിൽ ലോറി കരയ്ക്കടുപ്പിച്ച് കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. ലോറി കിടന്ന സ്ഥലം കണ്ടെത്തിയെങ്കിലും വെള്ളത്തിൽനിന്ന് അത് ഉയർത്തുന്നത് വളരെ ദുഷ്കരമായിരുന്നു. ADVERTISEMENT Go AD-FREE

തികഞ്ഞ ആസൂത്രണത്തോടെ രണ്ടാം ഘട്ട രക്ഷാപ്രവർത്തനം സജീവമാക്കിയതോടെയാണ് ലക്ഷ്യം പൂർത്തിയാക്കാനായത്. കുറുക്കോളി മൊയ്തീൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ആസാദ്, പഞ്ചായത്ത് അംഗം കെ.ടി.റംല എന്നിവർ ആവശ്യമായ നിർദേശം നൽകി. പരേതനായ മൊയ്തീൻ കുട്ടിയുടെയും ആയിഷക്കുട്ടിയുടെയും മകനാണ് മുസ്തഫ. ഭാര്യ: സുഹൈല. മക്കൾ : ശാമിൽ, ഫാത്തിമ റിദ.

‘ഉച്ചയ്ക്ക് ഒന്നോടെ വലിയ ശബ്ദവും നിലവിളിയും കേട്ടു; ഓടിയെത്തിയപ്പോൾ ഒരാൾ വെള്ളത്തിലൂടെ നീന്തിവരുന്നതാണ് കണ്ടത്’
ആതവനാട്∙ ‘ഉച്ചയ്ക്ക് ഒന്നോടെ വലിയ ശബ്ദവും നിലവിളിയും കേട്ടു. ഉടനെ ക്വാറിക്കു സമീപത്തേക്ക് ഓടിയെത്തിയപ്പോൾ ഒരാൾ വെള്ളത്തിലൂടെ നീന്തിവരുന്നതാണ് കണ്ടത്’– പരിതി–ചെമ്പിക്കൽ റോഡിലെ കെൽ‌ടെക്സ് റോഡ് ജംക്‌ഷനു സമീപത്തെ വീട്ടമ്മ പറഞ്ഞു. അപകട സ്ഥലത്ത് ആദ്യം ഓടിയെത്തിയത് ഈ വീട്ടമ്മയാണ്. നീന്തിയെത്തിയ ആളോട് അവിടെ നിൽക്കാൻ ആവശ്യപ്പെട്ട വീട്ടമ്മ, സമീപത്തെ ഓഡിറ്റോറിയത്തിനു മുൻപിൽ ഉണ്ടായിരുന്ന ആൾക്കാരെ കൂട്ടിവന്നു.

വൈരങ്കോട്ക്ഷേത്രോത്സവത്തിന് പൊയ്ക്കാളകളെ ഒരുക്കാൻ എത്തിയതായിരുന്നു അവർ. കയറുമായാണ് ഇവരെത്തിയത്. താഴെയുള്ള വഴിയിലൂടെ ക്വാറിയിലേക്ക് ഇറങ്ങിയ അവർ, രക്ഷപ്പെട്ട ജാഫറിനെ റോഡിലേക്കെത്തിച്ചു. പിന്നീട് ആശുപത്രിയിലേക്കു കൊണ്ടുപോയി. ലോറിയുടെ ചക്രം പൊട്ടിയതാകാം അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.പരിതി–ചെമ്പിക്കൽ റോഡിലെ കെൽടെക്സ് റോഡ് ജംക്‌ഷനു സമീപത്തെകരിങ്കൽ ക്വാറികൾ വഴിയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. ഇവ പ്രവർത്തിക്കുന്നില്ല. റോഡരികിലാണ് രണ്ടു ക്വാറികളും സ്ഥിതി ചെയ്യുന്നത്.രണ്ടിനും സുരക്ഷാമതിൽ നിർമിച്ചിട്ടില്ല. പലതവണ വാഹനങ്ങൾ ഇവിടെ അപകടത്തിൽപെ‌ട്ടതായി പരാതിയുണ്ട്.
ADVERTISEMENT Go AD-FREE

അപകട സൂചന നൽകുന്ന ബോർഡോ മറ്റോ സ്ഥാപിച്ചി‌ട്ടില്ല. ഇവിടെ ക്വാറി ഉള്ളതായി പല ഡ്രൈവർമാർക്കും അറിയില്ല. നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനങ്ങൾ നേരെ ക്വാറിയിലെ വെള്ളക്കെട്ടിലേക്കു വീഴുകയാണ് പതിവ്. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ പലപ്പോഴും അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുകയാണ്.


ഇന്നലെ നടന്ന അപകടത്തിൽ ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയതും നാട്ടുകാർ തന്നെയാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ആസാദ് ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നിർദേശം നൽകി. വിവരമറിഞ്ഞ് വിവിധ ഭാഗങ്ങളിൽനിന്ന് ജനം പ്രദേശത്തേക്കെത്തി. പല റോ‍‍ഡുകളിലും ഇന്നലെ പൊലീസ്, ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ ഇവിടേക്ക് വാഹനങ്ങൾ ഓ‌ടി‌‌‌യെത്താൻ സമയമെടുത്തു. ദേശീയപാതാ നിർമാണ കമ്പനിയുടെ ക്രെയിൻ ആണ് ലോറി കെട്ടിവലിക്കാൻ എത്തിച്ചത്.

വൈരങ്കോട് ക്ഷേത്രത്തിലെ വലിയ തീയാട്ടുത്സവത്തിന്റെ ആഘോഷവേളയിലാണ് ദാരുണമായ ഈ സംഭവമുണ്ടായത്. ക്വാറിക്കു സമീപമുള്ള ഓഡിറ്റോറിയത്തിനു മുൻപിൽ ഇണപ്പൊയ്ക്കാളകളെ ഒരുക്കിവച്ചിരുന്നു. അപകടം നടക്കുമ്പോൾ കുറച്ച് ആളുകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. വിവരമറിഞ്ഞതോടെ ആരവം തൽക്കാലം നിർത്തിവച്ച് ആളുകൾ ക്വാറിക്കു സമീപത്തേക്ക് ഓടിയെത്തി. പിന്നീട് ഏറെ വൈകിയാണ് കാളവരവ് പുറപ്പെട്ടത്. ADVERTISEMENT GO AD-FREE English Summary:
One person has died in a mini lorry accident where the vehicle fell into a flooded granite quarry in Athavanad, Kerala. The driver managed to swim to safety, but the victim was trapped in the submerged cabin for seven hours before his body was recovered.
Pages: [1]
View full version: ‘ഉച്ചയ്ക്ക് ഒന്നോടെ വലിയ ശബ്ദവും നിലവിളിയും കേട്ടു; ഓടിയെത്തിയപ്പോൾ ഒരാൾ വെള്ളത്തിലൂടെ നീന്തിവരുന്നതാണ് കണ്ടത്’