ആഘോഷവേളകളിൽ ഇനി പുള്ളിമാൻ മുതൽ പുള്ളിപ്പുലി വരെ, ഒരു ദിവസത്തേക്ക് ദത്തെടുക്കാം; ചെറിയ മൃഗത്തിന് 500 രൂപ, കടുവയ്ക്ക് 50,000
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/new-delhi/images/2026/2/19/birthday-with-animal.jpg?w=1120&h=583ന്യൂഡൽഹി ∙ ആഘോഷവേളകൾ ഇനി കടുവയ്ക്കും കരടിക്കുമൊപ്പം ചെലവഴിച്ചാലോ? ഒരു ദിവസത്തേക്ക് ഒരു മൃഗത്തെ ദത്തെടുക്കുന്ന പദ്ധതി തുടങ്ങാൻ ഡൽഹി മൃഗശാല തയാറെടുക്കുന്നു. ചെറിയ മൃഗത്തിന് 500 രൂപ മുതലും കടുവയ്ക്ക് 50,000 രൂപ വരെയുമാണു പ്രതിദിന നിരക്ക്. ജന്മദിനങ്ങൾ, വിവാഹവാർഷികം, മറ്റ് പ്രത്യേക അവസരങ്ങൾ എന്നിവ ആഘോഷിക്കാൻ മൃഗങ്ങളെ ദത്തെടുക്കാം. ആ ദിവസം മൃഗശാലയിൽ ചെലവഴിക്കാനും ദത്തെടുത്ത മൃഗത്തോടൊപ്പം ഫോട്ടോ എടുക്കാനും അവസരം ലഭിക്കും. ഹ്രസ്വകാലത്തേക്കു മൃഗങ്ങളെ ദത്തെടുക്കുന്നതിനുള്ള പദ്ധതിക്ക് മാസാവസാനത്തോടെ അംഗീകാരം ലഭിക്കുമെന്നും മാർച്ചിൽ ആരംഭിക്കുമെന്നും മൃഗശാല ഡയറക്ടർ സഞ്ജീത് കുമാർ പറഞ്ഞു.
പുള്ളിമാൻ മുതൽ പുള്ളിപ്പുലി വരെ
ഒരു ദിവസം മുതൽ ഒരു വർഷം വരെ മൃഗങ്ങളെ ദത്തെടുക്കാനാണ് മൃഗശാല അവസരമൊരുക്കുന്നത്. ദത്തെടുക്കുക എന്നാൽ മൃഗശാലയിൽ ആ മൃഗത്തിന്റെ പരിപാലനത്തിനാവശ്യമായ ചെലവുകൾ വഹിക്കുക എന്നാണർഥം. മൃഗസ്നേഹികൾക്ക് മൃഗങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകാനും അവസരം ലഭിക്കും.
ഓരോ മൃഗത്തിന്റെയും വാർഷിക ചെലവ് അടിസ്ഥാനമാക്കിയാണ് ഒരു ദിവസത്തെ ദത്തെടുക്കൽ നിരക്ക് തീരുമാനിച്ചിരിക്കുന്നത്. 18,000 രൂപ വാർഷിക ദത്തെടുക്കൽ ചെലവ് വരുന്ന പുള്ളിമാനിനെ 500 രൂപയ്ക്ക് ഒരു ദിവസത്തേക്ക് ഒപ്പം കൂട്ടാം. 45,000 രൂപ വാർഷിക നിരക്ക് ഉള്ള ഒരു കരടിയെ 500 രൂപയ്ക്ക് ഒരു ദിവസത്തേക്ക് ലഭ്യമാകും. കടുവയുടെ വാർഷിക നിരക്ക് 6 ലക്ഷം രൂപയാണ്, ഒരു ദിവസത്തെ ദത്തെടുക്കലിന് ഏകദേശം 50,000 രൂപ ചെലവാകും.
ദത്തെടുക്കൽ പദ്ധതി 2022ൽ ഡൽഹി മൃഗശാല അവതരിപ്പിച്ചിരുന്നെങ്കിലും വലിയ കമ്പനികൾക്ക് ഒരു വർഷത്തേക്ക് എന്ന നിലയിലായിരുന്നു പാക്കേജുകൾ. ഇത് കൂടുതൽ ജനകീയമാക്കി കുറഞ്ഞ ചെലവിൽ പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിദിന ദത്തെടുക്കൽ നടപ്പാക്കുന്നത്.
ADVERTISEMENT Go AD-FREE English Summary:
Delhi Zoo is launching a new initiative allowing the public to adopt animals on a daily basis, offering a unique opportunity for special occasions. This program, aimed at making animal adoption more accessible and affordable, will commence in March.
Pages:
[1]