LHC0088 Publish time 2025-11-17 22:51:12

സുരക്ഷ ഒരുക്കിയത് ഡോവൽ തന്ത്രം; അവർക്കായി ഇന്ത്യ പിണക്കിയത് ഒരു രാജ്യത്തെ; വധശിക്ഷാ വിധിയിലും ഹസീന ഭയക്കേണ്ട

/uploads/allimg/2025/11/2905834258886747395.jpg



ഇന്ത്യയിൽതാൻ സുരക്ഷിതയാണെന്ന് ഷെയ്ഖ് ഹസീനയ്ക്ക് ഉറപ്പാണ്. അതുകൊണ്ടാവാം ബംഗ്ലദേശിലെവിചാരണക്കോടതി വധശിക്ഷ വിധിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ്, ‘ഈ വിധി ഞാൻ ശ്രദ്ധിക്കുന്നില്ല’ എന്ന ഓഡിയോ സന്ദേശം ഹസീന മാതൃരാജ്യത്തേക്ക് അയച്ചത്. പ്രതീക്ഷിച്ചതുപോലെ വധശിക്ഷയാണ് ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശ് (ഐസിടി-ബിഡി) ഹസീനയ്ക്ക് വിധിച്ചതും. മുൻ പ്രധാനമന്ത്രിയെ വിട്ടുനൽകണമെന്ന് ഇന്ത്യയോടു ബംഗ്ലദേശ് പലയാവർത്തി ആവശ്യപ്പെട്ടെങ്കിലും മൗനമായിരുന്നു മറുപടി. ഒരു വ്യക്തിക്കുവേണ്ടി ഒരു രാജ്യത്തെ, അവിടുത്തെ ഭരണ സംവിധാനത്തെ ഒന്നാകെ പിണക്കാൻ ഇന്ത്യൻ ഭരണകൂടം തയാറായി. അത്രയും വിലപ്പെട്ടതാണ് ഹസീനയുമായും അവരുടെ പൂർവികരുമായും ഇന്ത്യയുടെ ബന്ധം.

[*] Also Read ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; ‘അധികാരം ഉപയോഗിച്ച് ആക്രമണം, വെടിവയ്പ്പിനെ കുറിച്ച് അറിവുണ്ടായിരുന്നു’


∙ ഇന്ത്യയ്ക്ക് പ്രിയപ്പെട്ടവർ

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതിന്റെ അടുത്ത മാസം, 1947 സെപ്റ്റംബർ 28നാണ് കിഴക്കൻ പാക്കിസ്ഥാനിൽ ഷെയ്ഖ് ഹസീന ജനിച്ചത്. 1971ൽ പാക്കിസ്ഥാനിൽനിന്നു സ്വാതന്ത്ര്യം നേടിയ ബംഗ്ലദേശിന്റെ പ്രഥമ പ്രസിഡന്റും പിന്നീടു പ്രധാനമന്ത്രിയുമായിരുന്നു പിതാവ് മുജീബുർ റഹ്മാൻ. 1975ൽ മുജീബ് വധിക്കപ്പെട്ടതോടെ ഇന്ത്യയിൽ അഭയം തേടിയ ഹസീന ദീർഘകാലം ഇന്ത്യയിൽ കഴിഞ്ഞു. തുടർന്ന് പിതാവ് സ്ഥാപിച്ച അവാമി ലീഗ് പാർട്ടിയുടെ നേതാവായാണു ജന്മനാട്ടിലേക്ക് മടങ്ങിയത്. പിന്നീടും പലപ്പോഴും ഇന്ത്യയുടെ സുരക്ഷാകരങ്ങൾ ഹസീനയ്ക്ക് കാവലൊരുക്കി, അപായ മുന്നറിയിപ്പുകൾ കൈമാറി.

∙ പവർഫുൾ വുമൺ പിഎം

ദക്ഷിണേഷ്യയിലെ ഏറ്റവും ശക്തയായ വനിതാ പ്രധാനമന്ത്രിമാരിലൊരാളായിരുന്നു ഷെയ്ഖ് ഹസീന. 5 തവണ ബംഗ്ലദേശിന്റെ പ്രധാനമന്ത്രിയായ അവർ, കൂടുതൽ കാലം ബംഗ്ലദേശിന്റെ പ്രധാനമന്ത്രിപദത്തിലിരുന്ന വ്യക്തിയാണ്. പാക്കിസ്ഥാനിലെപ്പോലെ ബംഗ്ലദേശിലും ജനാധിപത്യത്തെ കടപുഴക്കി പലപ്പോഴും പട്ടാളം അധികാരം പിടിച്ചെടുത്തിട്ടുണ്ട്. 1981ൽ പട്ടാളഭരണത്തിനിടെയാണ് ഹസീന ബംഗ്ലദേശിൽ മടങ്ങിയെത്തി പാർട്ടിയെ ശക്തിപ്പെടുത്തിയത്. പലതവണ വീട്ടുതടങ്കലിൽ കഴിഞ്ഞെങ്കിലും അവർ തളർന്നില്ല. പട്ടാളമേധാവിയും പ്രസിഡന്റുമായിരുന്ന സിയാവുർ റഹ്മാന്റെ ഭാര്യ ഖാലിദ സിയ (ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി –ബിഎൻപി)യുമായി ചേർന്നാണ് ഹസീന പട്ടാളത്തിനെതിരെ ജനകീയ പോരാട്ടം നടത്തിയത്. എന്നാൽ പിന്നീട് ബംഗ്ലാ രാഷ്ട്രീയം ഈ രണ്ട് വനിതകളുടെ പരസ്പര പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. 1991ൽ ആദ്യ ജയം ഖാലിദ സിയ സ്വന്തമാക്കിയെങ്കിലും ഹസീന പൊരുതി 1996ൽ പൊതുതിരഞ്ഞെടുപ്പിൽ ജയിച്ച് പ്രധാനമന്ത്രിയായി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


2009ൽ അധികാരത്തിലെത്തിയതിനു ശേഷമാണ് ഹസീന കൂടുതൽ ശക്‌തയായത്. പ്രതിപക്ഷത്തിന്റെ ദൗർബല്യം അവരെ ശക്തയാക്കി എന്നും പറയാം. പിതാവിനെയും കുടുംബത്തെയും ദ്രോഹിച്ചവരെ ഒന്നൊന്നായി ഹസീന തടവറയിലെത്തിച്ചു. അഴിമതിക്കുറ്റം ചുമത്തി എതിരാളി ഖാലിദ സിയയ്ക്കും കിട്ടി 17 വർഷത്തെ ജയിൽശിക്ഷ. ഇതിനൊപ്പം തീവ്ര നിലപാടുകൾ സ്വീകരിച്ച, ബിഎൻപിയുടെ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്‌ലാമിയെ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്നു വിലക്കി. അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെ ആഗ്രഹങ്ങളും ഹസീന വകവച്ചില്ല. ചൈനയുമായുള്ള സൗഹൃദവും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കണ്ണിൽ ഹസീനയെ കരടാക്കി മാറ്റി.

∙ നിർദോഷമോ ആ ജെൻ സീ പ്രക്ഷോഭം?

അടുത്തിടെ നേപ്പാളിലുണ്ടായ ജെൻ സീ പ്രക്ഷോഭം അതിനു മുൻപുതന്നെ ബംഗ്ലദേശിൽ സംഭവിച്ചു. 1971ലെ ബംഗ്ലദേശ് വിമോചനസമരത്തിലെ പോരാളികളുടെ കുടുംബത്തിനു സർക്കാർ ജോലികളിൽ 30% സംവരണം ഏർപ്പെടുത്തിയ ഹസീനയുടെ തീരുമാനമായിരുന്നു യുവാക്കളുടെ പ്രക്ഷോഭത്തിനു കാരണം. ഉരുക്കുമുഷ്ടി ഉപയോഗിച്ച് വിദ്യാർഥിസമരത്തെ അടിച്ചമർത്തിയ ഹസീനയ്ക്ക് പക്ഷേ പിഴച്ചു. മുന്നൂറോളം പ്രതിഷേധക്കാരുടെ ജീവനെടുത്ത കലാപത്തിൽ പ്രതിപക്ഷ പാർട്ടികളും വിദേശ ശക്തികളും ഇടപെട്ടതോടെ ഹസീനയ്ക്ക് രാജ്യം വിടേണ്ടിവന്നു. അഭയം തേടി എത്തിയത് മുൻപത്തെ പോലെ ഇന്ത്യൻ മണ്ണിലേക്ക്.

[*] Also Read ‘ഒളിക്കാനൊന്നുമില്ല’; ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടും, അനുകൂല നിലപാടുമായി ട്രംപ്


ഇതിനിടെ ബംഗ്ലദേശിൽ ഇടക്കാല സർക്കാരിനു കളമൊരുങ്ങി. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസാണ് ആ സർക്കാരിനെ നയിച്ചത്. ഉടൻ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് ഇടക്കാല സർക്കാരിന്റെ തുടക്കത്തിൽ മുഹമ്മദ് യൂനുസ് വാക്കു നൽകിയത്. എന്നാൽ ശേഷം അമിതാധികാര പ്രയോഗമാണ് അവിടെ കാണാനായത്. നേപ്പാളിലടക്കം ജെൻസി സമരം വ്യാപിച്ചതോടെ, വിദേശ ശക്തികൾ ജനാധിപത്യത്തെ വീഴ്ത്താൻ പ്രയോഗിക്കുന്ന പുതിയ ആയുധമാണോ ജെൻ സീ പ്രക്ഷോഭം എന്നും ചർച്ചകളുണ്ടായി.

∙ വിചാരണക്കുറ്റവാളി, വിട്ടുകൊടുക്കാതെ ഇന്ത്യ

കഴിഞ്ഞ ഓഗസ്റ്റിലാണ് ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശ് (ഐസിടി-ബിഡി) ഹസീനയ്ക്കെതിരെ വിചാരണ നടത്താൻ അനുമതി നൽകിയത്. സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിലാണ് ഇപ്പോൾ വധശിക്ഷ വിധിച്ചിരിക്കുന്നത്. ഹസീനയുടെ അഭാവത്തിൽ, കൂട്ടക്കൊലയും പീഡനവുമടക്കം 5 കുറ്റകൃത്യങ്ങൾ ചുമത്തിയായിരുന്നു വിചാരണ. ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേൽ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികൾക്കു മേൽ മാരകായുധങ്ങൾ പ്രയോഗിക്കാൻ ഉത്തരവിട്ടെന്നും വിദ്യാർഥികൾക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെ കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നെന്നും കോടതി വിലയിരുത്തി. ഹെലികോപ്റ്റർ ഉപയോഗിച്ച് പ്രതിഷേധക്കാർക്ക് നേരെ ആക്രമണം നടത്താൻ നിർദേശിച്ചതടക്കം ഒട്ടേറെ കേസുകൾ ചേർത്തുവച്ചാണ് വിചാരണ നടത്തിയത്. അതേസമയം വിചാരണ വേളയിലും പലയാവർത്തി ഹസീനയെ തിരിച്ചയയ്ക്കാൻ ഇന്ത്യയ്ക്കു മേൽ ബംഗ്ലദേശ് സമ്മർദം ചെലുത്തിയെങ്കിലും കേന്ദ്രസർക്കാർ വഴങ്ങിയില്ല.

[*] Also Read


ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് ഹസീനയുടെ അധികാരം നഷ്ടപ്പെടാൻ കാരണമെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. 2023ൽ സേനാമേധാവിയായി ജനറൽ വഖാറുസ്സമാനെ നിയമിക്കുന്നത് സംബന്ധിച്ചാണ് ഇന്ത്യ മുന്നറിയിപ്പു നൽകിയത്. ബംഗ്ലദേശിൽ സർക്കാരിനെതിരെ കലാപമുണ്ടായപ്പോൾ അതു നിയന്ത്രിക്കുന്നതിനു പകരം ഷെയ്ഖ് ഹസീനയോടും സഹോദരിയോടും രാജ്യം വിടാനാണ് സൈനിക മേധാവി ആവശ്യപ്പെട്ടത്. 19 തവണയോളം ഷെയ്ഖ് ഹസീന വധശ്രമങ്ങളിൽനിന്നു രക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ കഴിയുന്ന കാലത്തോളം ഈ വധശിക്ഷാ വിധിയിലും ഹസീനയ്ക്ക് ഭയപ്പെടാൻ ഒന്നുമില്ല. ഷെയ്ഖ് ഹസീന സംസാരിക്കുമ്പോഴെല്ലാം തിരികെ ബംഗ്ലദേശിലേക്ക് പോകുന്നതിനെ കുറിച്ച് പറയാറുണ്ട്. ഇനിയും അതു സംഭവിക്കുമോ, ചരിത്രം ആവർത്തിക്കുമോ? English Summary:
Sheikh Hasina Death Sentence: Sheikh Hasina, despite receiving a death sentence from Bangladesh\“s ICT-BD, remains safe under India\“s protection due to deep historical ties and India\“s strategic interests. This complex relationship highlights her powerful political career, the challenges of Bangladeshi democracy.
Pages: [1]
View full version: സുരക്ഷ ഒരുക്കിയത് ഡോവൽ തന്ത്രം; അവർക്കായി ഇന്ത്യ പിണക്കിയത് ഒരു രാജ്യത്തെ; വധശിക്ഷാ വിധിയിലും ഹസീന ഭയക്കേണ്ട